rats

ഹൈദരാബാദ്: വയറ്റിലെ ശസ്ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ എലികൾ കരണ്ട് നശിപ്പിച്ചു. തെലങ്കാനയിലെ മഹാബൂബാദ് ജില്ലയിലെ ഇന്ദിരാനഗർ സ്വദേശിയും പച്ചക്കറി കച്ചവടക്കാരനുമായ റെഡ്യ നായിക്കിന്റെ പണമാണ് എലികൾ നശിപ്പിച്ചത്. ജോലിചെയ്തുണ്ടാക്കിയതും ബന്ധുക്കൾ നൽകിയതുമായ പണം അഞ്ഞുറു രൂപയുടെ നോട്ടുകളാക്കിയശേഷം ഒരു തുണിസഞ്ചിയിൽ പൊതിഞ്ഞ് വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം പണം എണ്ണിത്തിട്ടപ്പെടുത്താനായി അലമാര തുറന്ന് നോക്കിയ റെഡ്യ ഞെട്ടിപ്പോയി. തുണിസഞ്ചിയും അതിനുള്ളിലെ പണവും എലികൾ ഏറക്കുറെ പൂർണമായും നശിപ്പിച്ചിരിക്കുന്നു. ഏതാനും നോട്ടുകളുടെ ചില ഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്.

ഇതുമായി ബാങ്കുകളെ സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തുകയായിരുന്നു. നമ്പരിന്റെ ഭാഗമില്ലാത്തതിനാൽ പകരം നോട്ടുകൾ നൽകാനാവില്ലെന്നാണ് അവർ പറയുന്നത്. റിസർവ് ബാങ്കിനെ സമീപിക്കാനാണ് ബാങ്കുകളുടെ ഉപദേശം.

കുറച്ചുനാൾ മുമ്പാണ് റെഡ്യ നായിക്കിന്റെ വയറ്റിനുള്ളിൽ മുഴ വളരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ ശസ്ത്രക്രിയ നടത്തണമെന്നും അതിന് നാലുലക്ഷത്തോളം രൂപ വേണമെന്നും പറഞ്ഞു. ഇതിനനുസരിച്ച് സ്വരൂപിച്ച പണമാണ് എലികൾ നശിപ്പിച്ചത്.