ലണ്ടൻ: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച ബ്രിട്ടണിനെ ആരോഗ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ക്വാറന്റീനിലാണെന്നും മന്ത്രി സാജിദ് ജാവിദ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്നത് ദിവസങ്ങൾക്കുമുമ്പ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോൺസണെ സന്ദർശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ബോറിസ് ജോൺസണ് രോഗം സ്ഥിരീകരിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
രോഗം സ്ഥിരീകരിച്ചെങ്കിലും തനിക്ക് ലക്ഷണങ്ങളൊന്നുമില്ലെന്നാണ് മന്ത്രി സാജിദ് ജാവിദ് ട്വീറ്റിൽ വ്യക്തമാക്കുന്നത്. രണ്ട് ഡോസും എടുത്തതുകൊണ്ടായിരിക്കാം ലക്ഷണങ്ങൾ ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയായവരിൽ മൂന്നിലൊന്നിനും വാക്സിൻ നൽകിയതിനാൽ ബ്രിട്ടനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം ബ്രിട്ടനിലെ കൊവിഡ് ബാധിതരുടെ എണ്ണം 50000 ന് മുകളിൽ എത്തിയിരുന്നു . ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകൾ ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്.