phone

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിലെ മന്ത്രിമാരുടെ ഫോണുകൾ ചോർത്തുന്നുവെന്ന് രാജ്യസഭാ എം പി സുബ്രഹ്മണ്യന്‍ സ്വാമി. മന്ത്രിമാർക്കുപുറമേ ആർ എസ് എസ് നേതാക്കൾ, ജഡ്ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകൾ ചോർത്തുന്നതായി അഭ്യൂഹമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചാണ് ഫോണുകൾ ചോർത്തുന്നതെന്ന് പറഞ്ഞ അദ്ദേഹം വാഷിംഗ്‌ടൺ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടേക്കുമെന്നും അതിനു ശേഷം ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താൻ പുറത്തുവിടുമെന്നും വ്യക്തമാക്കി. എന്നാൽ ഫോൺചോർത്തുന്നത് ആർക്കുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞില്ല.

അതേസമയം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിന്​ തൃണമൂൽ നേതാവും രാജ്യസഭ എം.പിയുമായ ഡെറിക്​ ഒബ്രിയാൻ മറുപടിയുമായെത്തി. ഈ ഫോൺ ചോർത്തൽ പ്രതിപക്ഷത്തെ പല അംഗങ്ങളെയും ലക്ഷ്യമാക്കിയാണ്​ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്​. രാഷ്ട്രീയക്കാരും മാദ്ധ്യമപ്രവർത്തകരും ഉൾപ്പടെയുള്ളവർ ഈ വാർത്തയെ ശരിവയ്ക്കുന്ന രീതിയിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്.

ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. 2019ൽ ആണ് ഇതുസംബന്ധിച്ച് വാർത്തകൾ പുറത്തുവന്നത്. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് തന്നെയാണ് അന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയത്. കേന്ദ്രസർക്കാർ​ പെഗാസസ്​ പോലുള്ള ഏജൻസികളെ അനധികൃതമായി ഉപയോഗിച്ചി​ട്ടില്ലെന്നാണ് അന്നത്തെ ​ കേന്ദ്ര വിവര സാ​ങ്കേതിക വകുപ്പ്​ മന്ത്രി രവിശങ്കർ പ്രസാദ്​ പറഞ്ഞത്.

ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, ജി.പി.എസ്.ലൊക്കേഷന്‍ തുടങ്ങി ഏറക്കുറെ മുഴുവൻ വിവരങ്ങളും ചോർത്തിയെടുക്കാൻ കഴിയും. ഫോൺ ഉപഭോക്താക്കൾ ഇത് അറിയുകയുമില്ല.