carbon

പൂനെ: പല തരത്തിലുള‌ള അന്തരീക്ഷ മലിനീകരണം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായാണ് പൊതുവെയുള‌ള ധാരണ. മലിനീകരണത്തെ തുടർന്നുള‌ള കണികകൾ രോഗവ്യാപനത്തെ ഇരട്ടിപ്പിക്കും എന്നാണ് പറയപ്പെടാറ്. എന്നാൽ അങ്ങനെ എല്ലാ തരം കണികകളും കൊവിഡ് രോഗവ്യാപനത്തിന് കാരണമാകില്ലെന്നാണ് പുതിയ പഠനഫലം പറയുന്നത്.

മനുഷ്യർ തീയിടുന്നതിലൂടെ വരുന്ന മലിനീകരണം, ജൈവ ഇന്ധനങ്ങളിൽ നിന്നുമുണ്ടാകുന്ന മലിനീകരണം ഇങ്ങനെ പലതരത്തിൽ വായു മലിനീകരണം സംഭവിക്കുന്നുണ്ട്. എന്നാൽ ഇവയിൽ കറുത്ത കാർബൺ മാത്രമാണ് കൊവിഡ് രോഗത്തിന് കാരണമാകുന്നതെന്നാണ് പൂനെ ആസ്ഥാനമായുള‌ള ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ട്രോപിക്കൽ മിറ്റെറോളൊജി കണ്ടെത്തിയിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നിന്ന് ശേഖരിച്ച ഭാഗങ്ങളിൽ നടത്തിയ പഠനഫലമാണ് എൽസേവിയർ എന്ന മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ചത്.

2020 സെപ്തംബർ മുതൽ ഡിസംബർ വരെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. 2.5 കണികാ പദാർത്ഥങ്ങളും കറുത്ത കാർബണും ശേഖരിച്ച് പഠിച്ചാണ് പുതിയ നിരീക്ഷണം നടത്തിയിരിക്കുന്നത്. 2.5 കണികാ പദാർത്ഥങ്ങൾ ശരീരത്തിൽ തുളച്ചുകയറി ശ്വസനനാളിയിലും ശ്വാസകോശത്തിലും അണുബാധയുണ്ടാക്കും ഇവ ഹൃദയസംബന്ധമായും ശ്വാസകോശ സംബന്ധവുമായ രോഗങ്ങൾ വരുത്തും. ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിനും ഇത് കാരണമാകുന്നു.

കറുത്ത കാർബണുണ്ടാകാൻ പ്രധാന കാരണം തുറന്ന സ്ഥലത്ത് തീയിടുന്നതാണ്. 20 ശതമാനം കാരണം ബയോ ഇന്ധനങ്ങളാണ്. 40 ശതമാനം ഫോസിൽ ഇന്ധനങ്ങളും. കൊവി‌ഡ് ശക്തമായി ബാധിച്ച ഡൽഹിയിൽ ആറ് മാസത്തിന് ശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ പെട്ടെന്ന് 10 മടങ്ങ് അണുബാധ വർദ്ധനയുണ്ടായി. ഇത് അയൽ സംസ്ഥാനങ്ങളിലെ തീയിടൽ കാരണമാണ്. ബയോമാസ് കണങ്ങൾ അന്തരീക്ഷത്തിലെ മറ്റ് സംയുക്തങ്ങളുമായി ചേർന്ന് പ്രവർത്തിച്ച് കൊവിഡ് കേസുകൾ പെട്ടെന്ന് വർദ്ധിക്കാൻ കാരണമായി.

കറുത്ത കാർബണൊപ്പം 2.5 കണികാ പദാർത്ഥങ്ങളുടെ വലിയ സാന്നിദ്ധ്യം മഹാരാഷ്‌ട്ര, ഡൽഹി, രാജസ്ഥാൻ, തമിഴ്‌നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടാൻ കാരണമായി.