ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം കടുത്തതോടെ കോൺഗ്രസ് എം.എൽ.എമാരും എം.പിമാരും രണ്ട് തട്ടിൽ. സിദ്ധു അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ എതിർത്ത് അമരീന്ദറിന് ഒരു വിഭാഗം എം.എൽ.എമാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തനിയ്ക്ക് പിന്തുണ ഉറപ്പു വരുത്താനായി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 30 ഓളം എം.എൽ.എമാരുമായി സിദ്ധു കൂടിക്കാഴ്ച നടത്തി.
ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസ് രാജ്യസഭാ-ലോക്‌സഭാ എം.പിമാർ സിദ്ധുവിനെ പാർട്ടി അദ്ധ്യക്ഷനാക്കുന്നതിൽ എതിർപ്പറിയിക്കാൻ യോഗം ചേർന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡിനെ കാണാനിരിക്കുകയാണ്. അമരീന്ദറിന്റെ ഭാര്യയും ലോക്‌സഭാ അംഗവുമായ പ്രിനീത് കൗറിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്.
പത്ത് എം.എൽ.എമാർ കഴിഞ്ഞ ദിവസം അമരീന്ദറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കരുതെന്ന് ഇവർ സോണിയയോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നിൽക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ ദോഷകരമായി ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നല്‍കി. സർക്കാരിനെതിരെ നിരവധി ട്വീറ്റുകൾ ചെയ്ത സിദ്ധു പരസ്യമായി മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
പിസിസി അദ്ധ്യക്ഷൻ സുനിൽ ജാഖർ പാർട്ടി എം.എൽ.എമാരുടേയും ജില്ലാ അദ്ധ്യക്ഷന്മാരുടേയും യോഗം നാളെ രാവിലെ വിളിച്ച് ചേർത്തിട്ടുണ്ട്. അമരീന്ദറിന്റെ കടുത്ത വിമർശകനായ ജാഖർ സിദ്ധുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.