yusaf-ali

കൊച്ചി: മാനസിക വെല്ലുലിളി നേരിടുന്ന മകളെ പോറ്റാൻ പ്രസന്നയ്‌ക്ക് ഏക ആശ്രയമായിരുന്ന കട ഇനി വീണ്ടും തുറക്കാം. ജിസിഡിഎ നോട്ടീസ് പതിപ്പിച്ച് ഒഴിപ്പിച്ച താന്തോന്നിത്തുരുത്ത് സ്വദേശിനി പ്രസന്നയുടെ മറൈൻ ഡ്രൈവിലെ കട തുറക്കാനും ഉപജീവനം നടത്താനും വേണ്ട സഹായം നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി അറിയിച്ചു.

2015ൽ തറവാടക ഈടാക്കി ഇവർക്ക് കട നടത്താൻ ഹൈക്കോടതി ഉത്തരവായിരുന്നു. മാസം 13,800 രൂപയായിരുന്നു വാടക. മൂന്നര ലക്ഷം രൂപ വായ്‌പയിൽ കട നിർമ്മിച്ചു. എന്നാൽ സ്ഥലത്തെ നടപ്പാത നവീകരണവും, പ്രളയവും കൊവിഡും കാരണം വരുമാനം ലഭിക്കാതെ വാടകയടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ജിസിഡിഎ അധികൃതർ പ്രസന്നയുടെ കടയിൽ ഒഴിപ്പിക്കൽ നോട്ടീസ് പതിപ്പിക്കുകയും പിന്നീട് സാധനങ്ങൾ എടുത്ത് മാറ്റുകയും ചെയ്‌തു.

തുടർന്ന് ഇതിനെതിരെ ഇവ‌ർ സമരത്തിലായിരുന്നു. പ്രസന്നയുടെ അവസ്ഥ എംഎൽഎ ടി.ജെ വിനോദ് തദ്ദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസിലും അറിയിച്ചു. ഇതിനിടെയാണ് യൂസഫലി സഹായ ഹസ്‌തവുമായെത്തിയത്. പ്രസന്ന പണം മുഴുവനടക്കുമെന്ന് യൂസഫലി അറിയിച്ചു. ആവശ്യമായ തുക അടച്ചാൽ പ്രസന്നയ്‌ക്ക് കട തുറക്കാൻ പ്രയാസമില്ലെന്ന് ജിസിഡിഎ ചെയർമാൻ അറിയിച്ചു.