
കാബൂൾ: പാകിസ്ഥാൻ പോറ്റിവളർത്തിയ പല ഭീകര സംഘങ്ങളിലൊന്നാണ് താലിബാൻ എന്നത് പകൽപോലെ സത്യമാണ്. താലിബാനെ വളർത്തി വലുതാക്കുന്നതും സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതും പാകിസ്ഥാനാണെന്ന് അഫ്‌ഗാൻ ഭരണാധികാരികൾ തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അഷ്‌റഫ് ഘാനിയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ സർക്കാരിനെതിരെയുള്ള യുദ്ധത്തിന് താലിബാന് സഹായം ചെയ്യാൻ നൂറുകണക്കിന് പാകിസ്ഥാനികൾ അതിർത്തി കടന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. പാക് സർക്കാരിന്റെയും അവരുടെ ചാര സംഘടനയായ ഐ എസ് ഐയുടെയും അനുഗ്രഹാശിസുകളോടെയാണ് ഇത്. അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ സർക്കാരിന്റെ സഹായത്തോടെ നിർമ്മിച്ച സ്ഥാപനങ്ങളും മറ്റും തകർക്കാനാണ് ഇവർക്ക് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം. ഏതൊക്കെ സ്ഥാപനങ്ങളാണ് ആദ്യമാദ്യം തകർക്കേണ്ടതെന്ന ലിസ്റ്റും ഇവർക്ക് നൽകിയിട്ടുണ്ടത്രേ. ഇന്ത്യയാേടുള്ള വിരോധം ഇങ്ങനെയെങ്കിലും തീർക്കുക എന്ന ലക്ഷ്യമാണ് പാകിസ്ഥാന് ഉള്ളതെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയാേട് നേർക്കുനേർ നിന്ന് പൊരുതാനുള്ള ചങ്കുറപ്പോ ശക്തിയോ പാകിസ്ഥാന് ഇല്ല. ശ്രമിച്ചപ്പോഴൊക്കെ ശക്തമായ തിരിച്ചടിയാണ് കിട്ടിയത്.
യുദ്ധത്തിൽ തകർന്ന അഫ്‌ഗാനിസ്ഥാന്റെ ജനാധിപത്യ പുനസ്ഥാപനത്തിനും പുനർ നിർമ്മാണത്തിനുമായി കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇന്ത്യ നൽകിയത്. 2015 ൽ ഉദ്ഘാടനം ചെയ്ത അഫ്‌ഗാൻ പാർലമെന്റ് മന്ദിരമാണ് ഇന്ത്യയുടെ പ്രധാന സംഭവനകളിലൊന്ന്. കാബൂൾ നഗരത്തിന് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഷാഹൂത് ഡാം ഉൾപ്പെടെ 350 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന പ്രവൃത്തികളും ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇതിനൊപ്പം വിദ്യാഭ്യാസ മേഖലയിലും ഇന്ത്യ വളരെയധികം സംഭാവനങ്ങൾ നൽകിയിട്ടുണ്ട്. അദ്ധ്യാപകരെ പരീശീലിപ്പിക്കുന്നതിനും ഇന്ത്യയാണ് പ്രധാന പങ്കുവഹിച്ചത്. വിദ്യാഭ്യാസത്തതിന് താലിബാൻ ഒരു പ്രാധാന്യവും നൽകുന്നില്ല. ഇതിനകം തന്നെ അധികാരം പിടിച്ച സ്ഥലങ്ങളിലെ സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ താലിബാൻ തകർത്തിട്ടുണ്ട്.
അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സിവിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ തൊഴിലാളികളോട് രാജ്യത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്തെ 421 ജില്ലകളിൽ 85 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാന്റെ അവകാശവാദം. അവിടെയെല്ലാം ശിലായുഗ സമാനമായ തങ്ങളുടെ ഭരണസമ്പ്രദായം അവർ നടപ്പാക്കിത്തുടങ്ങി. ഇതോടെ സ്ത്രീകൾ ഉൾപ്പടെയുള്ള ആയിരങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പാലായനം ചെയ്യുന്നത്.