ലണ്ടൻ : പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച യു.കെ ആരോഗ്യ സെക്രട്ടറി
സാജിദ് ജാവിദിന് കൊവിഡ് സ്ഥിരീകരിച്ചു. സാജിദ് തന്നെയാണ് ട്വിറ്ററിലൂടെ താൻ കൊവിഡ് ബാധിതനായ വിവരം പങ്കുവെച്ചത്. ജൂൺ 26 നാണ് ഇദ്ദേഹം ആരോഗ്യ സെക്രട്ടറിയായി ചുമതലയേറ്റത്. രോഗബാധിതനായതിന് പിന്നാലെ മന്ത്രി പത്ത് ദിവസത്തെ ഐസൊലേഷനിൽ പ്രവേശിച്ചു. കഴിഞ്ഞ ആഴ്ച സാജിദ് മറ്റ് മന്ത്രിമാർക്കൊപ്പം പാർലമെന്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. യു.കെയിൽ വരും ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം രാജ്യത്ത് കൂടുതൽ ഇളവുകൾ നല്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു.
രാജ്യത്ത് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ ജന ജീവിതം കൂടുതൽ അപകടത്തിലാകുമെന്നും പ്രതിപക്ഷ പാർട്ടികൾ മുന്നറിയിപ്പ് നല്കി.