modi-pawar

മുംബയ്: പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയും എൻ.സി.പി അദ്ധ്യക്ഷൻ ശരത്​ പവാറും തമ്മിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ച മഹാരാഷ്​ട്രയിൽ സംസ്ഥാന സർക്കാരിന്​ ഭീഷണി സൃഷ്​ടിക്കില്ലെന്ന് എൻ.സി.പി​. തങ്ങൾക്ക്​ ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ലെന്നും​ എൻ.സി.പി വ്യക്തമാക്കി. സംസ്ഥാനത്ത്​ കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നുള്ള സഖ്യ സർക്കാരിൽ വിള്ളൽ വീഴുന്നുവെന്ന വാർത്തകൾക്കിടെയാണിത്.

കൂടിക്കാഴ്ടയ്ക്ക് ശേഷം അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ എൻ.സി.പി വക്​താവ് നവാബ് മാലിക്​ മുംബയിൽ മാദ്ധ്യമങ്ങളെ കണ്ടിരുന്നു. എൻ.സി.പിയും ബി.ജെ.പിയും പുഴയുടെ രണ്ട്​ അറ്റങ്ങളാണെന്നും ഒരിക്കലും തമ്മിൽ ചേരാനാകില്ലെന്നുമായിരുന്നു മാലികിന്റെ പ്രതികരണം. യോഗത്തെക്കുറിച്ച്​ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവിനും കോൺഗ്രസ്​ നേതാവ്​ എച്ച്​.കെ പാട്ടീലിനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

@ എൻ.സി.പിയ്ക്ക് മറുപടിയുമായി ശിവസേന

മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള എൻ.സി.പി നേതാവ് അമോൽ ഖോലെയുടെ പ്രസ്താവനക്ക് മറുപടിയുമായി ശിവസേന നേതാവ് ശിവാജിറാവു അദൽറാവു പാട്ടീൽ. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായത് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടു കൂടിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം അമോൽ പറഞ്ഞത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിച്ചത് ശിവസേനയാണ്. ഇനിവരുന്ന 25 വർഷവും അങ്ങനെ തന്നെയായിരിക്കും - പാട്ടീൽ പറഞ്ഞു

അതേസമയം, വിവാദമായതോടെ തന്റെ പ്രസ്താവന അമോൽ തിരുത്തിയിരുന്നു. തനിക്ക് ഉദ്ദവിനോട് ബഹുമാനമാണെന്നും പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.എന്നാൽ പവാർ നിർദ്ദേശം നൽകിയതോടെയാണ് അമോൽ പ്രസ്താവന തിരുത്തിയതെന്ന് പാട്ടീൽ പറഞ്ഞു.