theft

ആഗ്ര: മണപ്പുറം ഫിനാൻസിന്റെ ആഗ്ര ശാഖയിൽ നിന്ന്​ ആയുധധാരികളായ ആറ്​ മോഷ്​ടാക്കൾ 17 കിലോഗ്രാം സ്വർണവും അഞ്ച്​ ലക്ഷം രൂപയും കവർന്നു​. ശനിയാഴ്ചയാണ്​ സംഭവം നടന്നത്. രണ്ട് മോഷ്ടാക്കൾ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മനീഷ്​ പാണ്ഡേ, നിർദോഷ്​ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് ബാങ്കിലെത്തിയ മോഷ്​ടാക്കൾ ജീവനക്കാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു.

ബാങ്ക്​ പുറത്ത്​ നിന്ന്​ പൂട്ടിയാണ്​ മോഷ്ടാക്കൾ സ്ഥലം വിട്ടത്. ജീവനക്കാരെ പ്രദേശവാസികളാണ് പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തിയത് പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എത്മാദ്പൂരിൽ വച്ച് പൊലീസ് മോഷ്ടാക്കളെ കണ്ടെത്തി. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ്​ ആകാശത്തേക്ക്​ വെടിവച്ചു. സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന്​ രണ്ട് മോഷ്ടാക്കൾ പ്രത്യാക്രമണം നടത്തിയതോടെ പൊലീസ് അവരെ​ വെടിവച്ച്​ വീഴ്​ത്തുകയായിരുന്നു

മോഷ്ടാക്കളിൽ നിന്ന് ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പൊലീസ്​ വീണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മറ്റ്​ പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.