ചന്ദനക്കാട്ടിൽ തമിഴ് സംഘം വിലസുന്നു
ചന്ദനമുട്ടികളുമായി മൂന്നംഗ സംഘം കടന്നു
കോട്ടയം: സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ നിന്നും സർക്കാർ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘത്തിലെ കാൽവഴുതി വീണ് മരിച്ചു. തമിഴ്നാട് തിരുപ്പത്തൂർ വാണിയംപാടിയിൽ സതീഷ് (35) ആണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. അയ്യായിരം അടി ഉയരത്തിലുള്ള പാറയിടുക്കിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മറയൂർ സാൻഡൽ ഡിവിഷനിൽ നിന്ന് രണ്ട് ചന്ദന മരങ്ങൾ മുറിച്ച് തായ്ത്തടി തലച്ചുമടായികൊണ്ട് പോവുന്നതിനിടയിലായിരുന്നു അപകടം. മുറിച്ചെടുത്ത ചന്ദനതടികളുമായി മുന്നംഗസംഘം കടന്നു. തുടർന്ന് മോഷ്ടാക്കൾ തന്നെ വിവരം ആംബുലൻസ് സർവീസുകാരെ അറിയിച്ചു. അവരാണ് പൊലീസിനെ അറിയിച്ചത്. രാത്രിയിൽ തന്നെ പൊലീസ് സതീഷിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസ് സംഘത്തെ കാട്ടാന ആക്രമിക്കുകയും ചെയ്തു. പൊലീസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മഴയും കോടമഞ്ഞും കാരണം തിരച്ചിൽ പൂർത്തിയാക്കാൻ സാധിക്കാതെ മടങ്ങി. നേരം പുലർന്ന് വീണ്ടും പൊലീസ് എത്തി പാറയിടുക്കിൽ നടത്തിയ അന്വേഷണത്തിലാണ് സതീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
കുണ്ടാകാട് ആനക്കെട്ടാൻപള്ളത്തിൽ ഭാഗത്തുനിന്നാണ് ഇവർ ചന്ദനമരം മുറിച്ച് കടത്തിയത്. വട്ടവാൾ ഉപയോഗിച്ച് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്ന് രണ്ടു ലക്ഷത്തോളം വിലവരുന്ന ചന്ദനമരം കഴിഞ്ഞദിവസം മോഷ്ടിച്ച് കടത്തിയിരുന്നു. ഈ സംഘംതന്നെയാവാം മരം മുറിച്ചതെന്നാണ് പൊലീസും വനംവകുപ്പും കരുതുന്നത്. സംഘത്തിനായി വനംവകുപ്പും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറയൂർ സി.ഐ പി.ടി ബിജോയ്, എസ്.ഐ അനൂപ് മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനുകുമാർ, ജാഫർ, ഷെമീർ, ഡെന്നി ജോസഫ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മൃതദേഹം കണ്ടെത്തിയത്.