crude

 സൗദി അറേബ്യ-യു.എ.ഇ തർക്കത്തിന് വിരാമം

ദുബായ്: ഉത്‌പാദന നിയന്ത്രണം സംബന്ധിച്ച് സൗദി അറേബ്യയും യു.എ.ഇയും തമ്മിലെ തർക്കം ഒത്തുതീർന്നതോടെ താത്കാലികമായെങ്കിലും ക്രൂഡോയിൽ വില താഴാൻ വഴിയൊരുങ്ങി. സൗദിയും യു.എ.ഇയും ഉൾപ്പെടെയുള്ള ഒപെക് രാഷ്‌ട്രങ്ങളും റഷ്യ ഉൾപ്പെടുന്ന ഒപെക് ഇതര ഉത്‌പാദക രാജ്യങ്ങളും (ഒപെക് പ്ളസ്) തമ്മിൽ ഇന്നലെ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പ്.

ഇതുപ്രകാരം ഈവർഷം ആഗസ്‌റ്റ്-ഡിസംബർ കാലയളവിൽ ഉത്‌പാദക രാജ്യങ്ങൾ സംയുക്തമായി പ്രതിദിനം 20 ലക്ഷം ബാരൽ വച്ച് ഉത്‌പാദനം കൂട്ടും. വിപണിയിലേക്ക് കൂടുതൽ ക്രൂഡോയിൽ എത്തുന്നതോടെ, നിലവിലെ രണ്ടരവർഷത്തെ ഉയരത്തിൽ നിന്ന് വില കുറയുമെന്നാണ് പ്രതീക്ഷ. ഉപഭോഗത്തിന്റെ മുന്തിയപങ്കിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. ഉത്‌പാദന നിയന്ത്രണത്തിൽ ഇളവു വരുത്തണമെന്ന് ഇന്ത്യയുടെ മുൻ പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും നിലവിലെ മന്ത്രി ഹർദീപ് സിംഗ് പുരിയും ഒപെക്കിനോട് അഭ്യർത്ഥിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഉത്‌പാദനം കുറയ്ക്കുകയും അതുവഴി വില കൂട്ടുകയും ചെയ്യുന്നത് വലിയ തിരിച്ചടിയാകുമെന്നായിരുന്നു ഇന്ത്യയുടെ വാദം. കഴിഞ്ഞവർഷം ജൂണിൽ ബാരലിന് 20-25 ഡോളർ നിരക്കിൽ എണ്ണ (ബ്രെന്റ് ക്രൂഡ്) വാങ്ങിയിരുന്ന ഇന്ത്യ, ഇപ്പോൾ ചെലവാക്കുന്നത് 73.02 ഡോളറാണ്. ഇന്ത്യയിൽ ഇന്ധനവില (പെട്രോളും ഡീസലും) ലിറ്ററിന് 100 രൂപ കടക്കാനും ഇതിടയാക്കി. വില ഇനിയും കൂടുന്നത് തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിമാർ ഒപെക്കിനെ സമീപിച്ചത്.

കൊവിഡിൽ ഡിമാൻഡും വിലയും കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ഒപെക് - ഒപെക് പ്ളസ് കൂട്ടായ്‌മ പ്രതിദിനം ഒരുകോടി ബാരൽ വച്ച് ഉത്‌പാദനം കുറച്ചിരുന്നു. പിന്നീടിത് 58 ലക്ഷം ബാരലായി താഴ്‌ത്തി. കൊവിഡ് വ്യാപനം കുറയുകയും ഡിമാൻഡ് ഏറുകയും ചെയ്‌തതോടെ ക്രൂഡോയിൽ വിലയും കുതിക്കുകയായിരുന്നു. അതേസമയം, നിലവിലെ ഉത്‌പാദന നിയന്ത്രണ പദ്ധതികാലാവധി 2022 ഏപ്രിലിൽ നിന്ന് ഡിസംബറിലേക്ക് നീട്ടാമെന്ന സൗദിയുടെ നിർദേശവും ഇന്നലെ ഒപെക്ക് അംഗീകരിച്ചു. അടുത്തവർഷം ക്രൂഡ് വില തിരിച്ചുകയറാൻ ഇത് കളമൊരുക്കും.

പിണക്കം മറന്ന് സൗദിയും യു.എ.ഇയും

ഉത്‌പാദനം കുറയ്ക്കാനുള്ള പദ്ധതി 2022 ഏപ്രിലിൽ നിന്ന് ഡിസംബറിലേക്ക് നീട്ടാമെന്ന സൗദിയുടെ നിർദേശമാണ് യു.എ.ഇയെ ചൊടിപ്പിച്ചത്. മികച്ച ഡിമാൻഡുള്ള ഈ സാഹചര്യത്തിൽ ഉത്‌പാദനം ഇനി കുറയ്ക്കാനാവില്ലെന്ന് യു.എ.ഇ നിലപാടെടുത്തു. ഇതിനെ സൗദി എതിർത്തതോടെ ഒപെക്കിന്റെ കഴിഞ്ഞ രണ്ട് യോഗങ്ങൾ അലസിപ്പിരിഞ്ഞു. യു.എ.ഇയ്ക്കെതിരെ നികുതിയുദ്ധത്തിലേക്ക് പോലും സൗദി പിന്നീട് കടന്നിരുന്നു.

തുടർന്നാണ്, ഇന്നലെ വീണ്ടും യോഗം ചേർന്നതും ഒത്തുതീർപ്പായതും. നിലവിൽ പ്രതിദിനം 31 ലക്ഷം ബാരലാണ് യു.എ.ഇയുടെ ഉത്‌പാദനം. അടുത്ത മേയ് മുതൽ ഇത് 35 ലക്ഷം ബാരലാക്കാൻ യോഗം അനുമതി നൽകി. സൗദിയും റഷ്യയും 1.10 കോടിയിൽ നിന്ന് 1.5 കോടി ബാരലിലേക്കും ഉത്‌പാദനം കൂട്ടും.

ഇറക്കുമതി 9 മാസത്തെ താഴ്ചയിൽ

ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതി കഴിഞ്ഞമാസം ഒമ്പതുമാസത്തെ താഴ്‌ചയായ പ്രതിദിനം 39 ലക്ഷം ബാരലിലെത്തി. മേയ് മാസത്തേക്കാൾ ഏഴ് ശതമാനവും 2020 ജൂണിനേക്കാൾ 22 ശതമാനവും കുറവാണിത്. ഇറക്കുമതിയും ഉപഭോഗത്തിലും ലോകത്ത് മൂന്നാംസ്ഥാനത്തുള്ള ഇന്ത്യ, ഉപഭോഗത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ലോക്ക്ഡൗൺ മൂലം രാജ്യത്ത് ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞമാസം ഇറക്കുമതിയെ ബാധിച്ചത്.

ഇറാക്കിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ക്രൂഡ് വാങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ., നൈജീരിയ എന്നിവയാണ് യഥാക്രമം രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങളിൽ.