ന്യൂഡല്‍ഹി: അഫ്‌ഗാസ്ഥാനിൽ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി പത്തു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു. ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിക്കും. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാകും സംസ്കാരം നടക്കുക
ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെയും മൃതദേഹങ്ങളാണ് സാധാരണയായി ഈ ശ്മശാനത്തില്‍ സംസ്‌കരിക്കാറ്. എന്നാല്‍ സിദ്ദിഖിയ്ക്കു വേണ്ടി ഈ പതിവിന് മാറ്റം കൊണ്ടുവരികയാണെന്ന് ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.
റോയിട്ടേഴ്‌സിനു വേണ്ടി ജോലി ചെയ്തിരുന്ന സിദ്ദിഖി, ജാമിയ മിലിയയിലെ പൂര്‍വവിദ്യാര്‍ത്ഥി ആയിരുന്നു. സിദ്ദിഖിയുടെ മൃതദേഹം ജാമിയ ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന സര്‍വകലാശാല വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നെന്ന് പി.ആര്‍.ഒ. അഹ്മദ് അസീം അറിയിച്ചു.
ജാമിയയുമായി ബന്ധമുള്ള കുടുംബമാണ് സിദ്ദിഖിയുടേത്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഖ്തര്‍ സിദ്ദിഖി ജാമിയയിലെ മുന്‍പ്രൊഫസര്‍ ആയിരുന്നു. ജാമിയയില്‍നിന്നാണ് സിദ്ദിഖി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജാമിയയില്‍നിന്നു തന്നെ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തബിരുദവും കരസ്ഥമാക്കി.
പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായിരുന്ന സിദ്ദിഖി, വെള്ളിയാഴ്ചയാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.