പിന്നിൽ അന്തർ സംസ്ഥാന സംഘം
തിരുവനന്തപുരം: അസാമിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ളവരെ കേരളത്തിലെത്തിച്ച് പെൺവാണിഭം നടത്തിയത് അന്തർ സംസ്ഥാന വേരുകളുള്ള സെക്സ് റാക്കറ്റ് സംഘം. അസാമിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും കേരളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുവന്നാണ് സംഘം പെൺവാണിഭത്തിനിരയാക്കിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തിരുവനന്തപുരത്തിന് പുറമേ കേരളത്തിലെ മറ്റ് പലയിടങ്ങളിലും ഇത്തരത്തിലുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിക്കാനിരിക്കെ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം 18 പേരെയാണ് തിരുവനന്തപുരം നഗരത്തിലെ മെഡിക്കൽ കോളേജ് ഭാഗത്തെ ഹോട്ടലിൽ നിന്നും തമ്പാനൂരിലെ ഒരു വീടിന്റെ ടെറസിൽ നിന്നും തിരുവനന്തപുരം സിറ്റി പൊലീസിന്റെ സഹായത്തോടെ അസം പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരുപെൺകുട്ടിഉൾപ്പെടെ പത്ത് സ്ത്രീകളും ഒമ്പത് പുരുഷന്മാരും ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. നടത്തിപ്പുകാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി. തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും.
ലോക്ക് ഡൗൺ സമയത്ത് കെട്ടിട നിർമ്മാണ മേഖലയിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.ലോക്ക് ഡൗണിൽ ഹോട്ടലുകളും ലോഡ്ജുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഫാമിലിയെന്ന വ്യാജേന താമസത്തിനെത്തിയ ഇവർക്ക് തിരിച്ചറിയൽ രേഖകൾ പരിശോധിച്ചശേഷം റൂമുകൾ വിട്ടുനൽകുകയായിരുന്നുവെന്നാണ് ഹോട്ടലുടമകളും കെയർടേക്കർമാരും പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. താമസത്തിനായി വാടകയ്ക്ക് നൽകിയ സ്ഥലങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും ആളുകൾ സ്ഥിരമായി വന്നുപോകുന്നത് ഹോട്ടലുടമയോ ജീവനക്കാരോ അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പൊലീസ് പറയുന്നത്. അസാമിൽ രജിസ്റ്റർ ചെയ്ത മാൻ മിസിംഗ് കേസിന്റെയും മനുഷ്യക്കടത്ത് കേസിന്റെയും തുടർച്ചയായ അന്വേഷണമാണ് കേരളത്തിലെത്തിയത്. നിലവിൽ അസാ പൊലീസ് മാത്രമാണ് ഇത് സംബന്ധിച്ച് കേസെടുത്തിട്ടുള്ളത്. പിടിയിലായ സ്ത്രീകളുടെയും കുട്ടിയുടെയും വൈദ്യപരിശോധനയിലും പൊലീസിന് നൽകിയ മൊഴിയിലും പെൺവാണിഭം നടന്നതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ അസാം പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം സിറ്റി പൊലീസ് ഇവർക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
അസാം പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസ് സിറ്റി പൊലീസിന് കൈമാറുകയോ അല്ലെങ്കിൽ അവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് മറ്രൊരു കേസ് രജിസ്റ്റർ ചെയ്തോ ആകും അന്വേഷണം നടത്തുക. ഹോട്ടലുകളിലും വീടിന്റെ ടെറസിലും പ്രത്യേകം തിരിച്ച മുറികളിൽ ഒരു ദിവസം തന്നെ നിരവധിപേർ ഇവരെ ചൂൽഷണം ചെയ്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ലോക്ക് ഡൗൺ സമയത്ത് ആളുകളെ ഇവിടേക്ക് എത്തിച്ച് നൽകിയതിലും മറ്റും അന്യസംസ്ഥാന തൊഴിലാളികളും നഗരത്തിലെ പിമ്പുകളുമുൾപ്പെടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നതായി പൊലീസിന് വിവരമുണ്ട്. മണിക്കൂറിന് ആയിരവും അതിലധികം രൂപയും ആവശ്യക്കാരിൽ നിന്ന് വാങ്ങിയിരുന്ന ഇവർ തുച്ഛമായ തുകയാണ് മാസാമാസം ഇരകൾക്ക് പ്രതിഫലമായി നൽകിയിരുന്നത്. ഫേസ് ബുക്ക്, വാട്ട്സ് ആപ്പ് എന്നീ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പെൺവാണിഭം സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തുകയോ ആവശ്യക്കാരെ കണ്ടെത്താൻ നവമാദ്ധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ചും സൈബർ പൊലീസ് സഹായത്തോടെ അന്വേഷിക്കും. മാൻ മിസിംഗ്,മനുഷ്യക്കടത്ത് കേസുകളിൽ അസാമിൽ നിന്ന് പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരേന്ത്യയിൽ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ച് പെണ്വാണിഭം നടത്തുന്നതായി അസം പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഈ മാസം 11ന് മുസാഹുൾ ഹഖ്, റബുൾ ഹുസൈന് എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇരുവരുടെയും ഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലായത്.