കൊളംബോ : ശ്രീലങ്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. 263 റൺസ് ലക്ഷ്യവുമായി ഇന്നലെ കൊളംബോയിൽ ചേസിംഗിനിറങ്ങിയ ഇന്ത്യ 80 പന്തുകൾ ബാക്കിനിൽക്കവേയാണ് വിജയത്തിലെത്തിയത്. അരങ്ങേറ്റ മത്സരത്തിൽ അർദ്ധസെഞ്ച്വറി നേടിയ ഇഷാൻ കിഷനും (42 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്സുമടക്കം 59 റൺസ്) 24 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 43 റൺസടിച്ചുകൂട്ടിയ പൃഥ്വി ഷായും ചേർന്നാണ് ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം നൽകിയത്.തുടർന്ന് നായകൻ ശിഖർ ധവാൻ പുറത്താകാതെ 86 റൺസുമായി വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 262 റൺസടിച്ചത്. ഒരുഘട്ടത്തിൽ 200ൽ താഴെ ആൾഔട്ടാകുമെന്ന് തോന്നിയ ലങ്കൻ രണ്ടാം നിരയെ 35 പന്തുകളിൽ പുറത്താകാതെ 43 റൺസടിച്ച വാലറ്റക്കാരൻ ചമിക കരുണരത്നെയും 39 റൺസ് നേടിയ ദാസുൻ ഷനകയും ചേർന്നാണ് മോശമല്ലാത്ത സ്കോറിലേക്ക് എത്തിച്ചത്. ഓപ്പണർ അവിഷ്ക ഫെർണാൻഡോ(33), മിനോദ് ഭനുക(27),ഭനുക രജപക്സ(24),ചരിത്ത് അസലങ്ക(38) എന്നിവരും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ കളി വരുതിയിൽ നിറുത്തി. സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും പേസർ ദീപക് ചഹറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയ്ക്കും ക്രുനാൽ പാണ്ഡ്യയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. ക്രുനാൽ പത്തോവറിൽ 26 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
അവിഷ്കയും മിനോദും ചേർന്ന് മോശമല്ലാത്ത തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. ഒൻപത് ഓവറിൽ 49 റൺസ് കൂട്ടിച്ചേർത്ത സഖ്യം പത്താം ഓവറിൽ പൊളിച്ചത് ചഹലാണ്.അവിഷ്കയാ മനീഷ് പാണ്ഡെയുടെ കയ്യിലെത്തിക്കുകയായിരുന്നു ചഹൽ . 17-ാം ഓവറിൽ രജപക്സയെയും മിനോദിനെയും മടക്കി അയച്ച് കുൽദീപ് ലങ്കയ്ക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. തുടർന്ന് ധനഞ്ജയ ഡിസിൽവയെ(14)ക്കൂട്ടിഅസലങ്ക 100കടത്തി.25-ാം ഓവറിൽ ടീം സ്കോർ 117ൽ വച്ച് ധനഞ്ജയയെ ക്രുനാൽ പറഞ്ഞയച്ചു. അസലങ്ക,ഹസരംഗ(8) എന്നിവർ പുറത്തായശേഷം ക്രീസിലേക്കെത്തിയ ചമക കരുണരത്നെ ഒരു ഫോറും രണ്ടുസിക്സുമടിച്ചു. 44-ാം ഓവറിൽ ടീം സ്കോർ 205ൽ വച്ച് ചഹലാണ് ഷനകയെ മടക്കി അയച്ചത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പ്വഥ്വി ഷാ വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 24 പന്തുകളിൽ 43 റൺസടിച്ചുകൂട്ടിയ ഷാ 5.3-ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യ 58 റൺസ് നേടിയിരുന്നു.തുടർന്നിറങ്ങിയ ഇഷാൻ അരങ്ങേറ്റക്കാരന്റെ പരിഭ്രമമില്ലാതെ റൺസടിച്ചുകൂട്ടി.അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ അർദ്ധസെഞ്ച്വറി തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കാഡും ഇഷാൻ സ്വന്തമാക്കി. 30 പന്തുകളിൽ നിന്നാണ് ഇഷാൻ 50 റൺസിലെത്തിയത്. 18-ാം ഓവറിൽ ടീം സ്കോർ 143ൽ എത്തിച്ചാണ് ഇഷാൻ പുറത്തായത്. തുടർന്ന് മനീഷ് പാണ്ഡെയെ(26) കൂട്ടുനിറുത്തി ധവാൻ സ്കോറിംഗ് തുടങ്ങി.31-ാം ഓവറിൽ മനീഷും പുറത്തായശേഷം സൂര്യകുമാർ യാദവ് എത്തി.ആദ്യ ഏകദിന ഇന്നിംഗ്സിൽ 26 പന്തുകളിൽ അഞ്ചുഫോറടക്കം 31 റൺസാണ് സൂര്യകുമാർ നേടിയത്. ധവാൻ 95 പന്തുകളിൽ ആറുഫോറും ഒരു സിക്സുമടക്കമാണ് 86 റൺസടിച്ചത്. പൃഥ്വി ഷായാണ് മാൻ ഒഫ് ദ മാച്ചായത്.
രണ്ടാം ഏകദിനം നാളെ ഇതേ വേദിയിൽ നടക്കും.