malik

തിരുവനന്തപുരം: സിനിമയുടെ മേക്കിംഗിലും അഭിനേതാക്കളുടെ പ്രകടനത്തിലും മികച്ചു നിൽക്കുന്ന മാലിക്, ചരിത്രത്തെ വ്യഭിചരിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മറവിയുടെ മാറാല പിടിക്കാൻ പോലും കാലമില്ലാത്ത സമയത്ത് നടന്ന ഒരു സംഭവത്തെ തീർത്തും ചരിത്ര വിരുദ്ധമായി സമീപിച്ചിരിക്കുന്നത് ചരിത്ര ബോധമുള്ളവർക്ക് ഒരിക്കലും ദഹിക്കാത്തതാണ്. 1957 നു ശേഷം കേരളത്തില്‍ നടന്ന ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് ബീമാപള്ളിയിലേത്. പക്ഷേ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കങ്ങളോ ചര്‍ച്ചകളോ ഇല്ലാതെ കടന്നു പോയ മനുഷ്യാവകാശ ധ്വംസനം കൂടിയാണ് തിരുവനന്തപുരത്തെ ബീമാപള്ളിയില്‍ നടന്നതെന്ന വിമര്‍ശനം ഇപ്പോഴും സജീവമാണെന്നും രാഹുൽ പറയുന്നു.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്താണ് ബീമാപള്ളി വെടിവെപ്പ് നടക്കുന്നത്. ബീമാപ്പളളി വെടിവെപ്പിന് ഉത്തരവാദിയായ കോടിയേരി ബാലകൃഷ്ണനെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയോ ഒരിടത്ത് പോലും മിന്നായമായി കാണിക്കാതിരിക്കാൻ സംവിധായകൻ കാണിച്ച സൂക്ഷ്മത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ അടിമത്തമെന്നത് മഹേഷ് നാരായണനെ കണ്ടു പഠിക്കേണ്ടതാണ്. സുരേന്ദ്രൻ പിള്ള എന്ന സ്ഥലം എം.എൽ.എ സിനിമയിലെത്തുമ്പോൾ അബൂബക്കർ ആകുന്നത് നിഷ്‌കളങ്കമായ സ്വാഭാവികതയല്ല. കള്ളക്കടത്തും തീവ്രതയും വർഗീയതയും ഒരു പ്രത്യേക സമുദായത്തിന് മുകളിൽ ചാർത്താൻ കാണിച്ച വ്യഗ്രത വിമർശിക്കപ്പെടേണ്ടതാണ്. ബീമാപ്പളളിയിലെ തുറയിൽ ജീവിക്കുന്നവർ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിക്കുന്നതെന്ന സംഘ് പരിവാർ ഭാഷ്യം സിനിമയിലൂടെ ഒളിച്ചു കടത്താൻ മഹേഷ് നാരായണൻ ശ്രമിച്ചിരിക്കുന്നതും തുറന്നു കാണിക്കേണ്ടതാണ്.

മുസ്ലിം സമുദായം തിങ്ങിപ്പാർക്കുന്നിടം വിദ്വേഷത്തിന്റെ കനലുകളിൽ എരിയുന്നതാണെന്നും, അവർക്ക് തണലായി പച്ചക്കൊടിയേന്തിയ സംഘടനയാണെന്നും പറഞ്ഞു വെക്കുമ്പോൾ, ഇന്ത്യയാകെ ഒരു പള്ളിയുടെ പ്രശ്നത്തിൽ കത്തിയാളിയപ്പോൾ കേരളത്തിൽ മതേതര മനസിന് കാവൽ നിന്ന പ്രസ്ഥാനമാണതെന്ന് മറക്കരുത്. ചരിത്രത്തെ ഒറ്റക്കണ്ണിലൂടെ നോക്കുന്ന ചലച്ചിത്രകാരന്മാർ വിതയ്ക്കുന്ന വിദ്വേഷ വിത്തുകളിൽ നിന്ന് വിള കൊയ്യുന്നവർ സംഘ് പരിവാറാണെന്ന് മറക്കേണ്ട. താനൊരു ഇടതു പക്ഷക്കാരനാണെന്ന് പറയുന്ന മഹേഷ് നാരായണൻ കേരളത്തിന് പുറത്തും, അകത്തും കാവി പ്രസ്ഥാനത്തിനോട് അന്തർധാരയുള്ള പിണറായി വിജയന്റെ ഒക്കച്ചങ്ങായി ആവാൻ സർവ്വഥാ യോഗ്യനാണെന്ന് മാലിക് പറഞ്ഞു വെക്കുന്നു എന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.