ബെർലിൻ : പശ്ചിമ യൂറോപ്പിൽ വെള്ളപ്പൊക്ക കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 184 ആയി. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജർമ്മനിയിൽ 156 പേരാണ് ദുരന്തത്തിൽ മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിൽ സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. ജർമ്മൻ സംസ്ഥാനമായ റൈൻലാൻഡ് പലാറ്റിനേറ്റിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. 110 മരണങ്ങളാണ് റൈൻലാൻഡിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 670ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഓസ്ട്രിയയിലും മഴക്കെടുതി ശക്തമാവുകയാണ്. ശക്തമായ മഴയിലും കാറ്റിലും പെട്ട് ഓസ്ട്രിയയിലെ പല പ്രദേശങ്ങളിലും നാശനഷ്ടങ്ങളുണ്ടായതായി ചാൻസിലർ സെബാസ്റ്റ്യൻ കുർസ് ട്വീറ്റ് ചെയ്തു.
ബെൽജിയത്തിൽ മാത്രം 20 പേർ മരണപ്പെട്ടതായാണ് വിവരം. നെതർലാൻഡ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് തുടങ്ങിയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച റൈൻലാൻഡ് പലാറ്റിനേറ്റിൽ ജർമ്മൻ ചാൻസലർ എയ്ഞ്ചല മെർക്കൽ സന്ദർശനം നടത്തി. ദുരന്തത്തെ ജർമ്മനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ സംഭവമെന്നാണ് മെർക്കൽ വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് അപ്രതീക്ഷിതമായ ഈ പ്രകൃതി ദുരന്തത്തിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
.