ott

ന്യൂഡൽഹി: ഇന്ത്യയുടെ വീഡിയോ ഒ.ടി.ടി (ഓവർ ദ ടോപ്പ്) വിപണിയുടെ മൂല്യം 2030 ഓടെ 1,250 കോടി ഡോളറിൽ (ഏകദേശം 93,200 കോടി രൂപ) എത്തുമെന്ന് ട്രാൻസാക്‌ഷൻ അഡ്വൈസറി സ്ഥാപനമായ ആർ.ബി.എസ്.എ അഡ്വൈസേഴ്‌സിന്റെ റിപ്പോർട്ട്. നിലവിൽ മൂല്യം 150 കോടി ഡോളറാണ് (11,200 കോടി രൂപ). ഇന്റർനെറ്റിലൂടെ വീഡിയോ ലഭ്യമാക്കുന്ന സംവിധാനമായ ഒ.ടി.ടിയിൽ പ്രാദേശിക ഭാഷാ ഉള്ളക്കടക്കങ്ങളുടെ സ്വാധീനം ഇന്ത്യൻ ഏറുകയാണ്. രണ്ടാംനിര, മൂന്നാംനിര, നാലാംനിര നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരിക്കും വീഡിയോ ഒ.ടി.ടി ഇനി കൂടുതൽ വളർച്ച നേടുക. 400 കോടി ഡോളറാണ് (30,000 കോടി രൂപ) 2025ൽ പ്രതീക്ഷിക്കുന്ന മൂല്യം.

മികച്ച നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം, ഉയർന്ന ഡിജിറ്റൽ കണക്‌ടിവിറ്റി, സ്മാർട്ട്‌ഫോണുകളുടെ വ്യാപനം എന്നിവ ഒ.ടി.ടിക്ക് ഗുണം ചെയ്യും. ഡിസ്‌നി പ്ളസ്, ഹോട്ട്‌ സ്‌റ്റാ‌ർ, ആമസോൺ പ്രൈം വീഡിയോ, നെറ്റ്‌ഫ്ളിക്‌സ് എന്നീ ഒ.ടി.ടി കമ്പനികൾ വിഹരിച്ചിരുന്ന വിപണിയിൽ സോണി ലൈവ്, വൂട്ട്, സീ5, ഇറോസ് നൗ, അഡ്ഡാ ടൈംസ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ വന്നതും കരുത്തായി. ഓഡിയോ ഒ.ടി.ടി വിപണിമൂല്യം നിലവിലെ 60 കോടി ഡോളറിൽ (4,500 കോടി രൂപ) 2025ൽ 110 കോടി ഡോളറും (8,200 കോടി രൂപ) 2030ൽ 250 കോടി ഡോളറും (18,600 കോടി രൂപ) ആയി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. ഗാന, സ്‌പോട്ടിഫൈ, വിൻക് മ്യൂസിക്, ജിയോ സാവൻ എന്നിവയാണ് ഈ രംഗത്തെ പ്രമുഖർ.