d

തിരുവനന്തപുരം: കുമാരപുരത്ത് സ്ത്രീയുടെ സ്വർണമാല പിടിച്ചുപറിച്ച പ്രതിയെ പൊലീസ് പിടികൂടി. കാരോട് വെളിയങ്കോട്ടുകോണം തിരിച്ചിറവിള വീട്ടിൽ ആഷ്‌വിനെയാണ് (29) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ 11നായിരുന്നു സംഭവം. കുമാരപുരം കലാകൗമുദി റോഡിലൂടെ നടന്നു വരികയായിരുന്ന പട്ടം സ്വദേശി അംബികാകുമാരിയെ (62) തടഞ്ഞു നിറുത്തി 3 പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു. സംഭവം നടന്നയുടൻ ഫോൺ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പൊലീസ് സമീപ സ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടിയത്. മെഡിക്കൽ കോളേജ് പരിസരത്ത് തന്റെ കാർ പാർക്ക് ചെയ്തശേഷം നടന്നുവന്നാണ് പ്രതി മോഷണം നടത്തിയത്. സമാന രീതിയിൽ ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കമ്മിഷണർ അറിയിച്ചു. മെഡിക്കൽകോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒമാരായ ജ്യോതി.കെ നായർ, നൗഫൽ, അരുൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.