ന്യൂഡൽഹി : ഇസ്രായേൽ ചാര സോഫ്ട്‌വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്,.
ദ വയർ, വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ വെബ്സൈറ്റുകളാണ് ഫോൺ ചോർത്തലിനെ സംബന്ധിച്ച കൂടുതൽ വിരങ്ങൾ പുറത്ത് വിട്ടത്.
മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിതിന്‍ഗഡ്കരി, സ്മൃതി ഇറാനി എന്നീ മന്ത്രിമാരുടെ ഫോണുകളാണ് ചോര്‍ന്നതെന്നാണ് സൂചന, ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്.
പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്ട് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെ ഉദ്യോഗസ്ഥരുടെ, മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നുവെന്നും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ ഉടൻ പുറത്തു വിടുമെന്ന് കരുതുന്നതായും സുബ്രഹ്മണ്യം സ്വാമി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.