gold

കൊച്ചി: കൊവിഡ് കാലത്ത് സ്വർണ നിക്ഷേപത്തിന് വൻ പ്രിയം. ഓഹരി വിപണികൾ പുതിയ ഉയരത്തിലെത്തിയെങ്കിലും ചാഞ്ചാട്ട സാദ്ധ്യത നിലനിൽക്കുന്നതാണ് സ്വർണത്തിലേക്ക് നിക്ഷേപകരെ ആശ്രയിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണത്തിന്റെ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഗോൾഡ് ഇ.ടി.എഫ്) നിക്ഷേപ പോർട്ട്‌ഫോളിയോകളുടെ എണ്ണം കഴിഞ്ഞമാസം 10 ശതമാനം വർദ്ധിച്ച് 18.32 ലക്ഷത്തിലെത്തി. മേയിൽ ഇത് 16.68 ലക്ഷമായിരുന്നു.

ആറുമാസത്തിനിടെ ഫോളിയോകളുടെ എണ്ണം കുതിച്ചത് 12.99 ലക്ഷത്തിൽ നിന്ന് 41 ശതമാനമാണ്. ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്റ് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) ഏപ്രിൽ-ജൂൺ പാദത്തിൽ 14 ശതമാനം വർദ്ധിച്ചു. ജനുവരി-മാർച്ചിലെ 42,707 കോടി രൂപയിൽ നിന്ന് 48,479 കോടി രൂപയിലേക്കാണ് വർദ്ധന. മികച്ച റിട്ടേൺ (നിക്ഷേപത്തിൽ നിന്നുള്ള നേട്ടം) കിട്ടുന്നുണ്ടെന്നതും സ്വർണവില വളർച്ചാസ്ഥിരത നേടിയെന്നതുമാണ് നിക്ഷേപകരെ ആകർഷിക്കുന്നത്. മാർച്ച് ഒന്നിന് സ്വർണവില പത്തു ഗ്രാമിന് 45,976 രൂപയായിരുന്നത് കഴിഞ്ഞവാരം 48,108 രൂപയിൽ എത്തിയിരുന്നു.

ഈവർഷം ജനുവരിയിൽ ഗോൾഡ് ഇ.ടി.എഫിലെ എ.യു.എം 14,481 കോടി രൂപയായിരുന്നു. ഫെബ്രുവരിയിൽ ഇത് 14,102 കോടി രൂപയായി താഴ്‌ന്നു. മാർച്ചിൽ 14,123 കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തെ (2021-22) ആദ്യമാസമായ ഏപ്രിലിൽ 15,629 കോടി രൂപയിലേക്ക് മെച്ചപ്പെട്ടു. മേയിലെ എ.യു.എം 16,625 കോടി രൂപയായിരുന്നു; കഴിഞ്ഞമാസം 16,225 കോടി രൂപ.

സെക്കൻഡ് ഹാൻഡ് സ്വർണം:

ലാഭത്തിന് മാത്രം ജി.എസ്.ടി

സെക്കൻഡ് ഹാൻഡ് സ്വർണാഭരണം വിൽക്കുമ്പോൾ സ്വർണക്കടയുടമ നേടുന്ന ലാഭത്തിന് മാത്രം ജി.എസ്.ടി നൽകിയാൽ മതിയെന്ന് കർണാടക അതോറിറ്റി ഫോർ അഡ്വാൻസ് റൂളിംഗിന്റെ (എ.എ.ആർ) വിധി. ഉപഭോക്താവ് സ്വർണം വാങ്ങിയ വിലയ്ക്കാണോ അതോ മറിച്ചുവിൽക്കുന്ന വിലയ്ക്കാണോ ജി.എസ്.ടി ഈടാക്കേണ്ടത് എന്നതിൽ വ്യക്തത തേടി ആദ്ധ്യാ ഗോൾഡ് എന്ന സ്ഥാപനമാണ് എ.എ.ആറിനെ സമീപിച്ചത്. സെക്കൻഡ് ഹാൻഡ് വില്പനയിലെ ജി.എസ്.ടി ബാദ്ധ്യത കുറയാൻ എ.എ.ആറിന്റെ ഉത്തരവ് സഹായിക്കുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.