jj

കേന്ദ്രമന്ത്രിമാരും പ്രതിപക്ഷനേതാക്കളും മാദ്ധ്യമപ്രവർത്തകരുടെയും അടക്കം ഫോൺ ചോർത്തിയെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ ഇസ്രായേൽ നിർമ്മിത ചാര സോഫ്ട്‌വെയർ പെഗാസസ് വീണ്ടും വിവാദങ്ങളിലേക്ക്. സൗദിയിലെ വിമത മാദ്ധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി 16 മാദ്ധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. 80 രാജ്യങ്ങളിലാണ് ഫോൺ ചോർത്തൽ നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2019ലാണ് പെഗാസസ് സോഫ്ട്‌വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സാപ്പ് യു.എസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു,

തുടർന്ന് വാട്‌സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. 2019 നവംബറിൽ മറുപടി നൽകിയ വാട്ട്‌സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷാ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്‌സാപ്പ് വിശദീകരണം നൽകി.

.

ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്ട്വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിദ്ധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ പ്രത്യേകത. ഇങ്ങനെ ഒരു സോഫ്ട്‌വെയർ ഉണ്ടെന്ന് എൻ.എസ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്ട്വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനി യു.എസ് കോടതിയിൽ നൽകിയ ,സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്. .

ഫേസ്ബുക്കും വാട്‌സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപ്പെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോൺ വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്‌സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോര്ച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്.