ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്ട്‌വെയർ പെഗാസെസിനെ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒളിക്കാനും ഭയപ്പെടാനും ഒന്നുമില്ല, അനധികൃത ഇടപെടലുകളൊന്നും നടന്നിട്ടില്ല. കെട്ടിച്ചമച്ച കഥകളാണ് യാഥാർത്ഥ്യമെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്രസർക്കാർ പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ പത്തോളം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോൺ ചോർത്തലിന് പിന്നിലെന്നുമാണ് ആരോപണം ഉയരുന്നത്. എന്നാൽ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. നിയമവിരുദ്ധമായി ഒരു നിരീക്ഷണവും കേന്ദ്രസർക്കാർ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകൾ ചോർത്തിയെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ദ വയർ, വാഷിംഗ്ടൺ പോസ്റ്റ്, ഗാർഡിയൻ എന്നീ വെബ്സൈറ്റുകൾ ഫോൺ ചോർത്തലിനെ സംബന്ധിച്ച കൂടുതൽ വിരങ്ങൾ പുറത്ത് വിടുകയായിരുന്നു. മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പത്തിലേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തിയതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തിയതായി പറയപ്പെടുന്നു.
2019ലാണ് പെഗാസസ് സോഫ്ട്‌വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്സാപ്പ് യു.എസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു.
തുടർന്ന് വാട്‌സാപ്പിനോട് കേന്ദ്രസർക്കാർ വിശദീകരണം തേടി. 2019 നവംബറിൽ മറുപടി നൽകിയ വാട്ട്‌സ്ആപ്പ്, വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര സർക്കാരിനോട് ഖേദം പ്രകടിപ്പിച്ചു. സുരക്ഷാ കാര്യങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ നടപടി സ്വീകരിക്കുമെന്നും വാട്‌സാപ്പ് വിശദീകരണം നൽകി. ഇസ്രയേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച പ്രത്യേക ചാര സോഫ്ട്‌വെയറാണ് പെഗാസസ്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിദ്ധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗാസസിന്റെ പ്രത്യേകത.
ഇങ്ങനെ ഒരു സോഫ്ട്‌വെയർ ഉണ്ടെന്ന് എൻ.എസ്.ഒ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ സോഫ്ട്‌വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനി യു.എസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്. ഫേസ്ബുക്കും വാട്‌സാപ്പും ആപ്പിളുമെല്ലാം പെഗാസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപ്പെടുന്ന ഫോണിന്റെ/ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോൺ വിളികളും മെസേജുകളും ഫയലുകളും, ബ്രൗസിംഗ് ഡാറ്റയും വരെ ചോർത്താൻ കെൽപ്പുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പെഗാസ് നുഴഞ്ഞു കയറാനുള്ള സാങ്കേതിക പിഴവുകൾ പരിഹരിച്ചിട്ടുണ്ടെന്നാണ് ആപ്പിളും വാട്‌സാപ്പും അവകാശപ്പെടുന്നത്. എന്നാൽ സമീപകാലം വരെയും ചോർച്ച നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്.