fuel

ന്യൂഡൽഹി: രാജ്യത്തെ പെട്രാൾ - ഡീസൽ വില ഉടൻ കുറയാൻ സാദ്ധ്യത. ഇന്ധന ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്ക് പ്ളസ് ഉത്പാദനതോത് കൂട്ടാൻ തീരുമാനിച്ചതോടെയാണ് പെട്രോൾ - ഡീസൽ വില കുറയാൻ സാദ്ധ്യത തെളിയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആവശ്യത്തിനനുസരിച്ചുള്ള ഇന്ധന ഉത്പാദനം നടക്കാത്തതിനാൽ അന്താരാഷ്ട്ര മാർക്കറ്റിൽ പെട്രോൾ - ഡീസൽ വില ഉയർന്നു തന്നെ നിൽക്കുകയാണ്. ഒപെക്ക് രാഷ്ട്രങ്ങളോടൊപ്പം റഷ്യയും കൂടി ചേർന്നതാണ് ഒപെക്ക് പ്ളസ് സംഘടന.

ആഗസ്റ്റ് മുതൽ ഡിസംബർ വരെ 400,000 ബാരൽ അധികമായി ഉത്പാദിപ്പിക്കാനാണ് ഒപെക്ക് തീരുമാനിച്ചിരിക്കുന്നത്. ഈ വർദ്ധനവ് നിലവിൽ വരുന്നതോടെ പ്രതിദിനം 20 ലക്ഷം ബാരലുകളുടെ ഉത്പാദനം നടക്കും. ഇന്ത്യക്ക് ഒരു ദിവസം ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 44 ശതമാനം ആണിത്. ഇതുകൂടാതെ ഇന്ത്യ ഇന്ധനം വാങ്ങിക്കുന്ന യു എ ഇ, ഇറാക്ക്, കുവൈറ്റ് എന്നീ രാഷ്ട്രങ്ങളുടെ നിലവിലെ ക്വാട്ട വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതും പരോക്ഷമായി ഇന്ത്യക്ക് ഗുണകരമായി തീരും.

പുതിയ പാർലമെന്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ പെട്രോൾ വില വർദ്ധന ഇരു സഭകളിലും കത്തികയറുമെന്നത് ഉറപ്പാണ്. ഇന്ധനവില കുറച്ചെങ്കിലും കുറയുമെന്ന പ്രതീക്ഷ നിലനിർത്തിയാൽ തന്നെ പ്രതിപക്ഷ പ്രതിഷേധത്തെ ഒരുപരിധി വരെ പിടിച്ചുനിർത്താൻ സർക്കാരിന് സാധിക്കും.