shopian

ശ്രീനഗർ: ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഉൾപ്പടെ രണ്ട് പേരെ സൈന്യം വധിച്ചു. നാലുവര്‍ഷം മുമ്പ് ജമ്മു കാശ്‌മീർ പൊലീസില്‍ നിന്ന് പിരിഞ്ഞുപോയ ആളാണ് ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡർ. സൈന്യവും പൊലീസും സി ആര്‍ പി എഫും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ നിര്‍വീര്യമാക്കിയത്.

ഷോപ്പിയാനിലെ ചെക്ക് സാദിഖ് ഖാന്‍ പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നായിരുന്നു രാത്രിയോടെ സംയുക്ത നീക്കം നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും പ്രദേശത്ത് തുടരുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 81 തീവ്രവാദികള്‍ കാശ്‌മീരിൽ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ട് ദിവസം മുമ്പ് സമാനമായ ഒരു ഓപ്പറേഷനില്‍ രണ്ട് പ്രാദേശിക തീവ്രവാദികള്‍ ശ്രീനഗറില്‍ കൊല്ലപ്പെട്ടിരുന്നു.