murder-

പെരിന്തൽമണ്ണ: മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമപുരം ബ്ലോക്ക് ഓഫീസിന് സമീപത്ത് വയോധികയെ കൊലപ്പെടുത്തിയത് ഉൾപ്പടെ ജില്ലയിൽ ഒരുമാസത്തിനിടയിൽ തനിച്ച് താമസിക്കുന്ന സ്ത്രീകൾ കൊല്ലപ്പെടുന്നത് ഇത് മൂന്നാം തവണ. ആദ്യകൊലപാതകം കുറ്റിപ്പുറം നാഗപറമ്പിൽ കുഞ്ഞിപ്പാത്തുമ്മയുടേത് (62) ആയിരുന്നു. ഇതിൽ പ്രതി അയൽവാസിയായ മുഹമ്മദ് ഷാഫിയെ(33) ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. എന്നാൽ രണ്ടാമത്തെ കൊലപാതകം തവനൂർ കടകേശേരി ഇയ്യാത്തുവിന്റേത്(70) ആയിരുന്നു. ഇവർ ധരിച്ചിരുന്ന 20 പവനോളം ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഈ കേസിലെ പ്രതിയെ പിടികൂടാനായിട്ടില്ല. മൂന്നാമത് നടന്ന ആയിഷയുടെ കൊലയിലും ധരിച്ചിരുന്ന ആറ് പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.

പൊലീസ് അന്വേഷണം നടക്കുകയാണ്. രാമപുരം ബ്ലോക്ക് ഓഫീസ് പടിയിലെ പരേതനായ അഞ്ചുക്കണ്ടി തലക്കൽ മുഹമ്മദിന്റെ ഭാര്യ മുട്ടത്തിൽ ആയിഷയെ (73)യെ വീട്ടിലെ ശുചിമുറിക്ക് സമീപം വെള്ളിയാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ സ്വന്തം വീട്ടിൽ കഴിയുകയും രാത്രിയാകുമ്പോൾ മകന്റെ വീട്ടിലേക്ക് പോവുകയാണ് പതിവ്. പേരക്കുട്ടികൾ എത്തിയാണ് ആയിഷയെ തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ളത്. വെള്ളിയാഴ്ച രാത്രി 9.15ന് പേരക്കുട്ടികളെത്തി അകത്തുകയറി നോക്കിയപ്പോഴാണ് ബാത്ത് റൂമിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം മങ്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വഷണം ആരംഭിച്ചിട്ടുണ്ട്.

മങ്കട ഇൻസ്‌പെക്ടർ യു.കെ ഷാജഹാന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടത്തിൽ ആയിഷയെ ശാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി തെളിയുകയും ഫോറൻസിക് സയൻസ് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർക്ക് പുറമേ ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാർ എന്നിവരടങ്ങിയ ഉന്നതസംഘം സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു.

കൊലപാതകമെന്ന് തെളിഞ്ഞതോടെ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും അന്വഷണം ഊർജിതമാക്കിയതായി മങ്കട പൊലീസ് അറിയിച്ചു. ആയിഷയുടെ ധരിച്ചിരുന്ന ആറ് പവൻ ആഭരണം മാത്രമാണ് കാണാതായിട്ടുള്ളത്. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളോ പണമോ മറ്റ് വിലപിടിപ്പുള്ള യാതൊന്നും നഷ്ടപെട്ടിട്ടില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. എത്രയും പെട്ടെന്ന് കേസ് തെളിയിക്കാനാവുമെന്നാണ് പൊലീസ് പറയുന്നത്.