കൊൽക്കത്ത: സമീപകാലത്ത് ബി ജെ പിക്ക് നേരിടേണ്ടി വന്ന ഏറ്റവും കനത്ത തിരിച്ചടിയാണ് വെസ്റ്റ് ബംഗാളിലെ തിരഞ്ഞെടുപ്പ് പരാജയം. ബി ജെ പി ബംഗാളിൽ പരാജയപ്പെടാൻ കാരണം പാർട്ടിയുടെ നേതാക്കൾ തന്നെയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. ബി ജെ പി ചുരുങ്ങിയത് 180 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് പ്രാദേശിക നേതാക്കൾ വിശ്വസിച്ചുവെന്നും എന്നാൽ അതിനു വേണ്ടി താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുവാൻ അവർ തയ്യാറാകാത്തതാണ് ബി ജെ പി പരാജയപ്പെടാനുള്ള പ്രധാന കാരണമെന്ന് സുവേന്ദു അധികാരി പറഞ്ഞു.
പാർട്ടി നേതാക്കന്മാരുടെ അലസ മനോഭാവവും അമിത ആത്മവിശ്വാസവും തിരഞ്ഞെടുപ്പിൽ പ്രതികൂലമായി തീർന്നുവെന്ന് ബി ജെ പി നേതാവ് പറഞ്ഞു. ചാന്ദിനിപൂരിൽ നടന്ന പാർട്ടി സമ്മേളനത്തിലാണ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
എന്നാൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വാക്കുകളെ തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് തള്ളികളഞ്ഞു. മമത സർക്കാർ ബംഗാളിൽ നടത്തിയ ക്ഷേമപ്രവർത്തനത്തിനും വികസനങ്ങൾക്കുമുള്ള നന്ദിയായിരുന്നു തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ബംഗാളിലെ ജനങ്ങൾ കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.