കാഠ്മണ്ഡു : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ച് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി ഷേർ ബഹാദുർ ദൂബെ. പുതിയ പ്രധാനമന്ത്രിക്ക് ആശംസ അർപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശത്തിനുള്ള മറുപടിയായിട്ടാണ് ദൂബെയുടെ പ്രഖ്യാപനം. നരേന്ദ്ര മോദിയുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനെ ഉറ്റുനോക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റുചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന് താൻ പ്രാധാന്യം നൽകുമെന്നും ട്വീറ്റിൽ പറയുന്നു.
Thank you very much, Prime Minister @narendramodi Ji, for your congratulatory note. I look forward to closely working with you to strengthen the relationship between our two countries and people. https://t.co/rJIElX1ytY
— Sher Bahadur Deuba (@DeubaSherbdr) July 18, 2021
ഞായറാഴ്ച നേപ്പാൾ പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച ഷേർ ബഹാദുർ ദൂബെയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞിരുന്നത്. നേപ്പാൾ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ ആകെയുള്ള 249 അംഗങ്ങളിൽ 165 പേരാണ് ദൂബെയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ നേപ്പാളിൽ മാസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ പ്രതിസന്ധിക്കാണ് വിരാമമായത്.
പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവ് ഇറക്കിയതോടെയാണ് കെ പി ശർമ ഒലിയുടെ ഭരണത്തിന് നേപ്പാളിൽ അന്ത്യം കുറിച്ചത്. വിവാദ പ്രസ്താവനകൾ നിരന്തരം നടത്തി ഒലി ഇന്ത്യ നേപ്പാൾ ബന്ധം വഷളാക്കിയിരുന്നു. ഇതിനു പുറമേ ചൈനയുമായി അടുക്കുന്ന നയമായിരുന്നു മുൻസർക്കാരിന്റെത്. ഇതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.