ഇസ്ലാമാബാദ് : ഒരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികൾക്ക് പോലും സുരക്ഷ ഒരുക്കാൻ കഴിയാത്ത രാജ്യമായി ലോകത്തിന് മുന്നിൽ പാകിസ്ഥാന്റെ അധപതിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച അഫ്ഗാന്റെ ഇസ്ലാമാബാദിലെ സ്ഥാനപതിയുടെ മകളെ ഒരു സംഘം തട്ടിക്കൊണ്ടു പോയി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനിസ്ഥാൻ തിരിച്ചുവിളിച്ചു. സമാധാന ചർച്ചകളിലേക്ക് താലിബാനെ കൊണ്ടുവരാൻ പാകിസ്ഥാന് കഴിവില്ലെന്നും അഫ്ഗാൻ പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇതോടെ ഇരു തോണിയിലും ചവിട്ടിയുള്ള പാകിസ്ഥാന്റെ കളികൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്. താലിബാനുമായുള്ള ചങ്ങാത്തം തുറന്ന് കാട്ടുന്നത് പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ ദോഷമാകുമെന്നും ഉറപ്പാണ്.
ഞായറാഴ്ച രാത്രി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് അഫ്ഗാൻ നയതന്ത്രജ്ഞരെ തിരികെ വിളിക്കാൻ തീരുമാനമായത്. നമ്മുടെ രാജ്യത്തിന്റെ മനസിനെ മുറിവേൽപ്പിച്ചതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കുന്നതെന്നും അഫ്ഗാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് അമ്രുള്ള സാലിഹ് വെളിപ്പെടുത്തി. പാകിസ്ഥാനിൽ നിന്നും ആയിരക്കണക്കിന് തീവ്രവാദികളാണ് താലിബാനെ സഹായിക്കുന്നതിനായി അഫ്ഗാനിലേക്ക് കടന്നു കയറുന്നത്. ഇവർക്കെതിരെ ചെറു വിരൽ പോലും പാക് ഭരണകൂടം അനക്കുന്നില്ല.
അതേസമയം അഫ്ഗാനിസ്ഥാന്റെ തീരുമാനം നിർഭാഗ്യകരവും ഖേദകരവുമാണെന്ന് പാകിസ്ഥാൻ വിദേശകാര്യ കാര്യാലയം പ്രതികരിച്ചു. തട്ടിക്കൊണ്ടുപോകൽ സംഭവം ഗൗരവത്തോടെ തങ്ങൾ അന്വേഷിക്കുകയാണെന്നും പാകിസ്ഥാൻ സ്വീകരിച്ച എല്ലാ നടപടികളെയും കുറിച്ച് വിശദീകരിക്കുമെന്നും പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. അഫ്ഗാൻ അംബാസഡർ നജിബുള്ള അലിഖിലിന്റെ മകളായ സെൽസെല അലിഖിലിനെ (26) തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറോളമാണ് അക്രമികൾ തടവിലാക്കി ആക്രമിച്ചത്.