ബെയ്ജിംഗ് : ചൈനയിൽ നിന്ന് ഉദ്ഭവിച്ചെന്ന് കരുതപ്പെടുന്ന കൊവിഡ് ഇപ്പോഴും പിടിച്ചുകെട്ടാനാവാതെ ലോകരാജ്യങ്ങളെ ഭയപ്പെടുത്തുകയാണ്. വിവിധ വാക്സിനുകൾ കണ്ടുപിടിച്ചെങ്കിലും കൊവിഡ് പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ അവയ്ക്ക് എത്രത്തോളമാവും എന്ന് ഇനിയും ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ അവസ്ഥയിൽ ചൈനയിൽ മറ്റൊരു രോഗം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. കുരങ്ങൻമാരിലുണ്ടാവുന്ന ഈ അസുഖം ബാധിച്ച് ഒരു ചൈനീസ് പൗരൻ മരണപ്പെട്ടതായിയാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മങ്കി ബി വൈറസ് എന്നാണ് ഈ രോഗാണുവിനെ അറിയപ്പെടുന്നത്.
ചത്തനിലയിൽ കണ്ടെത്തിയ രണ്ട് കുരങ്ങുകളെ പോസ്റ്റുമാർട്ടം ചെയ്ത സർജനാണ് അസുഖം ബാധിച്ച് മരണപ്പെട്ടത്. ഇയാളിൽ നിന്നും ശേഖരിച്ച ശരീര സ്രവങ്ങളിൽ പഠനം നടത്തിയ ചൈനീസ് സിഡിസിയുടെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (ഐവിഡിസി) ആണ് മങ്കി ബി വൈറസാണെന്ന് തിരിച്ചറിഞ്ഞത്. മേയ് മാസത്തിലാണ് ഇയാൾ രോഗബാധിതനായത്.
1932 ലാണ് ആദ്യമായി ഈ വൈറസ് ബാധ ആളുകളിൽ സ്ഥിരീകരിക്കുന്നത്. പിന്നീട് 50 ഓളം കേസുകൾ ലോകത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 21 പേർ വൈറസ് ബാധയാൽ മരണപ്പെട്ടു. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി ഇതു വരെയും സൂചനകളൊന്നും ലഭ്യമല്ല. കുരങ്ങുകളുടെ ഉമിനീർ, മലം, മൂത്രം എന്നിവയിൽ വൈറസ് കാണപ്പെടുന്നു. ഇത് ഉപരിതലത്തിൽ പ്രത്യേകിച്ച് ഈർപ്പമുള്ളിടത്ത് മണിക്കൂറുകളോളം നിലനിൽക്കും.
പനി, ജലദോഷം, പേശിവേദന, ക്ഷീണം, തലവേദന, ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ. നിലവിൽ, മങ്കി ബി വൈറസിനെ പ്രതിരോധിക്കാൻ വാക്സിൻ ഇല്ല. ആന്റിവൈറൽ മരുന്നുകൾ നൽകി അപകടസാദ്ധ്യത കുറയ്ക്കാൻ കഴിയും.