തൃശൂർ: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. നൂറു കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്.
സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സി പി എം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചുവിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.
പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്‌മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്‌പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെ കുറിച്ച് സായിലക്ഷ്‌മിക്ക് യാതൊരു അറിവുമില്ല.
2019ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. സി പി എം ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ആരോപണം. ബാങ്ക് തട്ടിപ്പിനെതിരെ ഇ ഡിക്കും ആദായനികുതി വകുപ്പിനും ബി ജെ പി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്.