flood

ബെർലിൻ: ജർമനിയിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 180 കടന്നെന്ന് റിപ്പോർട്ട്. പ്രളയത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ പറഞ്ഞു.നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

പ്രളയബാധിത പ്രദേശങ്ങൾ ഉടൻ സന്ദർശിക്കുമെന്നും ജനങ്ങൾക്ക് വേണ്ട ധനസഹായം എത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മെർക്കൽ അറിയിച്ചു.

സ്ഥിതി ഭയപ്പെടുത്തുന്നതാണ്. നിലവിലെ അവസ്ഥയെ വാക്കുകളിലൂടെ വിവരിക്കാൻ കഴിയുന്നില്ല. ശക്തമായ രാജ്യമാണ് ജര്‍മനി. ഈ പ്രകൃതി ദുരന്തത്തെ ഞങ്ങൾ ധൈര്യമായി നേരിടും - മെർക്കൽ പറഞ്ഞു.

@ എഴുപത് വ‌ർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രളയം

എഴുപത് വർഷത്തിനിടയിൽ ജർമനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹർവീലറിൽ മാത്രം 93 പേർ മരിച്ചു.വാസൻബർഗ് പ്രവിശ്യയിൽ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീൻബാച്ചൽ തകരുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

ഒരാഴ്ചക്ക് ശേഷം മാത്രമേ പ്രളയം മൂലമുണ്ടായ നാശനഷ്ടത്തെ കുറിച്ച് കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനുശേഷമായിരിക്കും ദുരിതാശ്വാസ പദ്ധതികളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിക്കുകയെന്നും സർക്കാർ അറിയിച്ചു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന ഹൃദയം നുറുങ്ങുന്നതാണ്. എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ

സ്റ്റീൻമീയർ