narendra-modi

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഒരു മാസത്തിനകം രാജിവയ്‌ക്കുമെന്ന് സൂചന നൽകി ബി ജെ പി വൃത്തങ്ങൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുമായും യെദ്യൂരപ്പ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് രാജി അഭ്യൂഹങ്ങള്‍ സജീവമായിരിക്കുന്നത്. നേതൃമാറ്റം ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് കര്‍ണാടക ബി ജെ പി അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്‍റെ ഓഡിയോ ക്ലിപ്പ് സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

'തീര്‍ച്ചയായും നേതൃതലത്തില്‍ മാറ്റമുണ്ടാകും,തികച്ചും പുതിയൊരു ടീം വരും' എന്നാണ് 47 സെക്കന്‍ഡ് നീളുന്ന കട്ടീലിന്‍റേതെന്ന് പറയപ്പെടുന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ക്ലിപ്പ് വൈറലായതോടെ ഓഡിയോ വ്യാജമാണെന്നും ഇതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് കട്ടീൽ പറയുന്നത്.

അതേസമയം, തന്‍റെ രാജിയുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് യെദ്യൂരപ്പ നദ്ദയെ കണ്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ആരും തന്‍റെ രാജി ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

യെദ്യൂരപ്പ ഒരു മാസത്തിനകം രാജിവെക്കുമെന്നും പകരം ഗവര്‍ണര്‍ പദവിയാണ് അദ്ദേഹത്തിന് നല്‍കുകയെന്നുമാണ് വിവരം. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ പദവി നേതൃത്വം അദ്ദേഹത്തിന് മുന്നില്‍വച്ചെങ്കിലും യെദ്യൂരപ്പ വിസമ്മതിച്ചു. മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേതെങ്കിലും ഒരിടത്ത് ഗവര്‍ണറാക്കാമെന്നാണ് പിന്നാലെ നൽകിയ വാഗ്ദ്ധാനം. ഇതിന് അദ്ദേഹം പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. മക്കള്‍ക്ക് നല്‍കുന്ന പദവികള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നാണ് യെദ്യൂരപ്പയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.