ന്യൂഡൽഹി : കൊവിഡ് രോഗികൾക്ക് ചികിത്സ നൽകുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ സ്വകാര്യ ആശുപത്രികൾ പണം കൊയ്യുന്ന സ്ഥാപനങ്ങളായി മാറുകയാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. റിയൽ എസ്‌റ്റേറ്റ് ബിസിനസ് പോലെയാണ് ഇവയുടെ പ്രവർത്തനമെന്നും കോടതി പരാമർശിച്ചു. ചികിത്സ തേടുന്നവരുടെ ജീവനെ ബാധിക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ഇവയ്ക്ക് കഴിയാറില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വകാര്യ ആശുപത്രികൾക്കെതിരേ രൂക്ഷമായ വിമർശനം നടത്തിയത്. മനുഷ്യന്റെ ദുരിതത്തിൽ വളരുന്ന വ്യവസായമായി മാറുകയാണ് ആശുപത്രികളെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.
ആശുപത്രികളിൽ തീപിടിത്തമുണ്ടായി രോഗികളുൾപ്പടെ മരിക്കുന്ന സംഭവങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികൾക്ക് അഗ്നിസുരക്ഷ ഉൾപ്പടെയുളള സംവിധാനങ്ങൾ വേണമെന്ന് മുൻപ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി ഗുജറാത്ത് സർക്കാർ സമയം നീട്ടി നൽകിയതിനെ പരാമർശിച്ചാണ് കോടതി സ്വകാര്യ ആശുപത്രികളെ വിമർശിച്ചത്. സർക്കാർ നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ വീണ്ടും ജനങ്ങൾ പൊള്ളലേറ്റ് മരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിലേക്ക് നയിക്കുമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കൊവിഡ് ഇതര രോഗികളുടെ ചികിത്സയ്ക്ക് പരിധി നിശ്ചയിച്ച മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയിൻ മേലുള്ള വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഈ കേസിൽ സർക്കാർ വിജ്ഞാപനം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു, ഇതിനെതിരെയാണ് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് ചികത്സാനിരക്ക് നിശ്ചയിച്ച് വിജ്ഞാപനം ഇറക്കാൻ കഴിയില്ലെന്നാണ് സുപ്രീം കോടതിയുടെ ന്യായം.