തിരുവനന്തപുരം: നഗരത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന 23 ചേരിപ്രദേശങ്ങൾ വാസയോഗ്യമല്ലെന്ന് കോർപ്പറേഷന്റെ കണ്ടെത്തൽ. നഗരസഭയുടെ 2040ലേക്കുള്ള കരട് മാസ്‌റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരെല്ലാം തികച്ചും അപകടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇവിടങ്ങളിലെല്ലാം കൂടി 400 വീടുകളാണുള്ളത്.
കേന്ദ്ര സർക്കാരിന്റെ നഗര ദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരം തലസ്ഥാന നഗരത്തിലെ ഏഴ് ചേരിപ്രദേശങ്ങൾ ഒട്ടും താമസയോഗ്യമല്ലാത്ത വിഭാഗത്തിലും 16 ചേരികൾ ഭാഗികമായി താമസയോഗ്യമല്ലാത്ത വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. റെയിൽവേ ലൈനുകൾ, നദികൾ അടക്കമുള്ള ജല സ്രോതസുകൾ, മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങൾ എന്നിവിടങ്ങൾക്ക് സമീപത്ത് ജനങ്ങൾ താമസിക്കാൻ പാടില്ലാത്തതാണ്. മാസ്‌റ്റർ പ്ളാൻ അനുസരിച്ച് ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സ്ഥലങ്ങളിലുള്ളവയാണ് ഭാഗികമായി വാസയോഗ്യമല്ലാത്തവ.
നഗരത്തിലെ ഒട്ടും താമസയോഗ്യമല്ലാത്ത ഏഴ് ചേരിപ്രദേശങ്ങളിൽ അഞ്ചെണ്ണം സർക്കാർ ഭൂമിയും രണ്ടെണ്ണം റെയിൽവേയുടെ ഭൂമിയുമാണ്. വാസയോഗ്യമല്ലാത്ത പ്ളാമൂട് ബണ്ട് കോളനിയിൽ 106 വീടുകളാണുള്ളത്. റെയിൽവേയുടെ ഭൂമിയിലുള്ള കൈതമുക്ക്, സംസ്ഥാന സർക്കാരിന്റെ ഭൂമിയിലുള്ള കാരാളി ആറ്റുവരമ്പ് കോളനികളിലായി 180 വീടുകളുണ്ട്. നഗരത്തിലെ ചേരിപ്രദേശങ്ങളെകുറിച്ചുള്ള റിപ്പോർട്ട് പ്രകാരം 76 ശതമാനം ചേരികളിൽ ഡ്രെയ്‌നേജ് സംവിധാനമൊന്നും ഇല്ലാത്തതാണ്. 17 ശതമാനം ചേരികൾക്ക് ടോയ്‌ലെറ്റ് സൗകര്യങ്ങൾ അത്യാവശ്യവുമാണ്. ചേരികളുടെ 10 ശതമാനം പ്രദേശത്ത് മാത്രമാണ് അഞ്ച് മീറ്റർ വീതിയിൽ കൂടുതലുള്ള റോഡുകളുള്ളത്. 75 ശതമാനം ചേരികളിലേക്കുള്ള റോഡിന് മൂന്ന് മീറ്റർ വീതി പോലുമില്ല.
കോർപ്പറേഷന്റെ മാലിന്യ നിർമ്മാർജന സൗകര്യം ഉള്ളത് 22 ശതമാനം ചേരിപ്രദേശത്ത് മാത്രമാണ്. അതേസമയം 50 ശതമാനം പ്രദേശത്ത് മാലിന്യങ്ങൾ സംസ്‌കരിക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെയില്ല. ശേഷിക്കുന്ന ചേരികളിൽ മാലിന്യ നിർമ്മാർജനം അവിടത്തെ ജനങ്ങൾ തന്നെയാണ് ചെയ്യുന്നത്.
മൂന്ന് വർഷത്തിനിടെ ചേരിപ്രദേശത്ത് നിരവധി തവണ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, അടിസ്ഥാന ശുചീകരണ സംവിധാനങ്ങൾ പോലും ഇല്ലാതെയാണ് ചേരിനിവാസികൾ ജീവിച്ചുവന്നത്. അതിനാൽ തന്നെ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ഡ്രെയിനേജ് സംവിധാനം അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ചേരികൾക്ക് മതിയായ പരിഗണന നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ചേരിനിവാസികൾ ജോലിക്ക് പോകുന്നതിനായി പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ തന്നെ കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ശുപാർശയുണ്ട്. സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്നവരുടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ചേരി വികസന പദ്ധതികൾ നടപ്പാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. സർവേ പ്രകാരം നഗരത്തിലെ ആകെയുള്ള 100 വാർഡുകളിൽ 68 എണ്ണത്തിൽ ചേരികളുണ്ട്. പുഞ്ചക്കരി, കോട്ടപ്പുറം എന്നീ വാർഡുകളിലാണ് ഏറ്റവും കൂടുതൽ ചേരികളുള്ളത്. ചേരികളിൽ ഭൂരിഭാഗവും സ്വകാര്യ ഭൂമിയിലാണ്. 59 ചേരികൾ സർക്കാർ ഭൂമിയിലും നാലെണ്ണം കോർപ്പറേഷന്റെ ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നത്.