ടോക്കിയോ: കായിക ലോകത്തെ ആശങ്കയിലാക്കി ഒളിമ്പിക്‌സ് വില്ലേജില്‍ വീണ്ടും കൊവിഡ് ബാധ.
കായിക മാമാങ്കം ആരംഭിക്കാൻ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ചെക്ക് റിപബ്ലിക്ക് ബീച്ച് വോളിബോള്‍ താരം ഓണ്‍ഡ്രെ പെരുസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെക്ക് റിപബ്ലിക്ക് ഒളിമ്പിക്‌സ് ടീം തലവന്‍ മാര്‍ട്ടിക്ക് ഡൊക്‌റ്റൊർ ഇക്കാര്യം സ്ഥിരീകരിച്ചു.
ഒളിമ്പിക്‌സ് വില്ലേജില്‍ രോഗം ബാധിക്കുന്ന നാലാമത്തെയാളാണ് പെരുസിച്ച്. കഴിഞ്ഞ ദിവസം രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു വീഡിയോ അനലിസ്റ്റിനും രോഗം സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ ടീമിലെ തബിസോ മോന്യാനെ, കമോഹെലോ മഹ്ലാത്സി എന്നിവര്‍ക്കാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ടീമിന്‍റെ വീഡിയോ അനലിസ്റ്റ് മാരിയോ മാഷയ്ക്കും രോഗം സ്ഥിരീകരിച്ചു.
ദിവസവും നടത്തുന്ന കൊവിഡ് പരിശോധനയിലാണ് പെരുസിച്ച് ഉൾപ്പടെയുളള താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവരിൽ പലർക്കും നേരത്തെ കൊവിഡ് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.