കാബൂൾ : നീണ്ട ഇരുപത് വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങുമ്പോൾ താലിബാനെന്ന വിഷവൃക്ഷം അവിടെ പടർന്ന് പന്തലിക്കുകയാണ്. 1994 നും 2001 നും ഇടയിൽ അധികാരത്തിലിരുന്നപ്പോൾ താലിബാൻ ചെയ്ത് കൂട്ടിയത് ഏറെയും സ്ത്രീകളുടെ ചുമലുകളിലായിരുന്നു. പുരാതന മതനിയമങ്ങൾ സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു അത്.
താലിബാന്റെ പ്രത്യയശാസ്ത്രം
താലിബാന്റെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്രം 'ശരീഅ' ഇസ്ലാമിക നിയമത്തിന്റെ 'നൂതന' രൂപത്തെയും 'പഷ്തൻവാലി' എന്നറിയപ്പെടുന്ന പഷ്തൂൺ സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളുമായി സംയോജിപ്പിച്ച് തീവ്രവാദ ഇസ്ലാമികതയെയും സംയോജിപ്പിച്ചതായിരുന്നു.
അതിന് കാരണം മിക്ക താലിബാൻ അനുകൂലികളും പഷ്തൂൺ ഗോത്രവർഗക്കാരായിരുന്നു എന്നതാണ്. ഇസ്ലാമിക ശിക്ഷാരീതികളിൽ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിർബാധം നടപ്പിലാക്കി. പുരുഷൻമാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ പ്രത്യയശാസ്ത്രത്തിൽ കൂടുതലും അകപ്പെട്ടത്.
ടെലിവിഷൻ, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒൻപത് വയസും അതിനുമുകളിലും പ്രായമുള്ള പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന ബുർക്ക ധരിക്കേണ്ടിവന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാർ കാണുന്നത് നിഷിദ്ധമായിരുന്നു. അവൾക്ക് ഭർത്താവിന്റെ അനുവാദമില്ലാതെ വീട്ടിൽ നിന്ന് പുറത്തുപോകാനായില്ല, ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാൻ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി കണ്ടു.
അകമ്പടിയായി പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾക്ക് പുറത്ത് പോകാൻ അനുവാദമില്ലാതിരുന്ന താലിബാൻ കാലത്ത് പുറത്തിറങ്ങുമ്പോൾ ഉച്ചത്തിൽ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നത് പോലും വിലക്കിയിരുന്നു. ഒരു സ്ത്രീ കാറിൽ സഞ്ചരിക്കുമ്പോൾ മുൻവശമല്ലാതെ എല്ലാ വിൻഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്ന് നിയമമുണ്ടായിരുന്നു. ടാക്സി ഡ്രൈവർമാർ ഒരു പുരുഷന്റെ അകമ്പടിയോടെയുള്ള സ്ത്രീകളെ സവാരിക്ക് കൊണ്ടുപോകാൻ പാടുള്ളു, ഈ നിയമം പാലിക്കാത്തതിൽ പിടിക്കപ്പെട്ടാൽ, ടാക്സി ഡ്രൈവർ, സ്ത്രീ, അവരുടെ ഭർത്താവ് എന്നിവർക്ക് ശിക്ഷ ഉറപ്പായിരുന്നു.
സ്ത്രീകൾക്ക് വൈദ്യസഹായം നൽകുന്ന വിഷയത്തിൽ മാത്രമാണ് താലിബാന് തിരുത്തൽ വരുത്തേണ്ടി വന്നത്. പുരുഷ ഡോക്ടർമാർ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്, വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകൾ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടർമാരെ കാണാൻ അനുവദിച്ചു. 'ശരിയായ ഇസ്ലാമിക വഴി നടപ്പാക്കുന്നതിനും തിന്മകൾ തടയുന്നതിനുമുള്ള വകുപ്പ്' പോലും ആ നിയമങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി അക്കാലത്ത് ഉണ്ടായിരുന്നു.
അമേരിക്കൻ ആക്രമണത്തിന് ശേഷം താലിബാൻ ശക്തി ക്ഷയിച്ചപ്പോൾ അഫ്ഗാൻ സ്ത്രീകൾ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു. 2001 ന് ശേഷം ധാരാളം വിദേശസഹായങ്ങളും പിന്തുണയും നൽകി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അഫ്ഗാൻ സമൂഹത്തിൽ അവളുടെ ചിന്തകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ൽ പൂജ്യത്തിൽ നിന്ന് 2010 ൽ മൂന്ന് ദശലക്ഷമായി ഉയർന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകൾ വോട്ട് ചെയ്തു, പാർലമെന്റിന്റെ 352 അംഗങ്ങളിൽ 89 സ്ത്രീകളാണ് എന്നതും നിസാരമായി കാണരുത്. സ്ത്രീകളിൽ 13 മന്ത്രിമാർ, ഉപമന്ത്രിമാർ, 4 പേർ അംബാസഡർമാരായി.
സ്‌കൂളുകളിലും സർവകലാശാലകളിലും രണ്ടായിരത്തിലധികം യൂണിവേഴ്സിറ്റി പ്രൊഫസർമാർ ഉൾപ്പെടെ 80,000 വനിതാ ഇൻസ്ട്രക്ടർമാർ ജോലി ചെയ്യുന്നു. ആറായിരത്തിലധികം സ്ത്രീകൾ ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, പ്രതിഭാഗം അഭിഭാഷകർ, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരിൽ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവർത്തകരുടെ എണ്ണം ആയിരത്തിലധികം വരും. സാക്ഷരതാ നിരക്ക് 2000 ൽ 13 ശതമാനത്തിൽ നിന്ന് 2018 ൽ 30 ശതമാനമായി ഉയർന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം പിൻവാങ്ങുമ്പോൾ സ്ത്രീകളുടെ ജീവിതം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങുമോ എന്ന് കണ്ടറിയാം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.