excise-duty

ന്യൂഡൽഹി: കൊവിഡിൽ സമ്പദ്‌വ്യവസ്ഥ തകിടംമറിഞ്ഞ കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്രസർക്കാർ നേടിയ വരുമാനം 3.35 ലക്ഷം കോടി രൂപ. 2019-20ലെ 1.78 ലക്ഷം കോടി രൂപയേക്കാൾ 88 ശതമാനമാണ് വർദ്ധന. കഴിഞ്ഞവർഷത്തെ വരുമാനത്തിൽ 2.33 ലക്ഷം കോടി രൂപയും ഡീസലിൽ നിന്നാണെന്ന് പെട്രോളിയം സഹമന്ത്രി രാമേശ്വർ തെലി ലോക്‌സഭയിൽ പറഞ്ഞു. പെട്രോളിൽ നിന്ന് 1.01 ലക്ഷം കോടി രൂപയും പ്രകൃതിവാതകത്തിൽ നിന്ന് 1,195 കോടി രൂപയും ലഭിച്ചു. 3.89 ലക്ഷം കോടി രൂപയാണ് കഴിഞ്ഞവർഷത്തെ മൊത്തം പെട്രോളിയം ഉത്‌പന്ന എക്‌സൈസ് നികുതി വരുമാനം. 2019-20ൽ 2.03 ലക്ഷം കോടി രൂപയായിരുന്നു. കൊവിഡിൽ ക്രൂഡോയിൽ വിലയിടിഞ്ഞപ്പോൾ കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുത്തനെ കൂട്ടിയിരുന്നു. ഇതാണ് കഴിഞ്ഞവർഷം നേട്ടമായത്. ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 9.48 രൂപയായിരുന്നത് ഇപ്പോൾ 32.90 രൂപയാണ്. ഡീസലിന്റേത് 3.56 രൂപയിൽ നിന്ന് 31.80 രൂപയിലുമെത്തി. 2020 മാർച്ച് 14ന് കേന്ദ്രസർക്കാർ പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി മൂന്നു രൂപ വീതം കൂട്ടിയിരുന്നു. മേയ് ആറിന് പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും വർദ്ധിപ്പിച്ചു.

₹94,181 കോടി

നടപ്പുവർഷം (2021-22) ആദ്യ മൂന്നുമാസത്തിൽ മാത്രം (ഏപ്രിൽ-ജൂൺ ) പെട്രോളിയം ഉത്‌പന്ന (പെട്രോൾ, ഡീസൽ, പ്രകൃതിവാതകം, വ്യോമ ഇന്ധനം) എക്‌സൈസ് നികുതി വരുമാനമായി കേന്ദ്രം നേടിയത് 1.01 ലക്ഷം കോടി രൂപയാണെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. പെട്രോൾ, ഡീസൽ എന്നിവയിൽ നിന്ന് മാത്രം 94,181 കോടി രൂപ ലഭിച്ചു.

വിലക്കുതിപ്പ് 76 വട്ടം

2020-21ൽ എണ്ണവിതരണ കമ്പനികൾ പെട്രോൾ വില കൂട്ടിയത് 76 തവണയാണ്; 73 വട്ടം ഡീസലിനും കൂട്ടി. ഇതിനിടെ 24 തവണ വില കുറച്ചിരുന്നു. 2021-22ൽ (ഈ വർഷം) പെട്രോളിന് 39 തവണയും ഡീസലിന് 36 തവണയും വില ഉയർന്നു.

 2020 ജൂണിൽ പെട്രോൾ വില : ₹72.99, ഇപ്പോൾ : ₹103.82; വർദ്ധന : ₹30.83

 2020 ജൂണിലെ ഡീസൽ വില : ₹67.19, ഇപ്പോൾ : ₹96.47; വർദ്ധന : ₹29.28

കേന്ദ്രത്തിന്റെ അക്ഷയപാത്രം

(മുൻ വർഷങ്ങളിൽ കേന്ദ്രം നേടിയ മൊത്തം ഇന്ധന എക്‌സൈസ് നികുതി വരുമാനം)

 2013-14 : ₹53,090 കോടി

 2014-15 : ₹74,158 കോടി

 2015-16 : ₹1.55 ലക്ഷം കോടി

 2016-17 : ₹2.17 ലക്ഷം കോടി

 2017-18 : ₹2.04 ലക്ഷം കോടി

 2018-19 : ₹2.13 ലക്ഷം കോടി

 2019-20 : ₹2.03 ലക്ഷം കോടി

 2020-21 : ₹3.89 ലക്ഷം കോടി

19.2%

കേന്ദ്രത്തിന്റെ ആകെ നികുതി വരുമാനത്തിൽ 2019-20ൽ എക്‌സൈസ് നികുതിയുടെ വിഹിതം 11.9 ശതമാനമായിരുന്നത് 2020-21ൽ 19.2 ശതമാനമായി ഉയർന്നു.

നേട്ടത്തിന്റെ നികുതികൾ

നടപ്പുവർഷത്തെ ആദ്യപാദത്തിൽ കസ്‌റ്റംസ് നികുതിയിനത്തിൽ 41,831 കോടി രൂപയും ആദായനികുതി ഇനത്തിൽ 2.41 ലക്ഷം കോടി രൂപയും കേന്ദ്രം നേടി. വ്യക്തിഗത ആദായ നികുതിയായി 1.20 ലക്ഷം കോടി രൂപയും കോർപ്പറേറ്റുകളിൽ നിന്ന് 1.21 ലക്ഷം കോടി രൂപയുമാണ് ലഭിച്ചത്. സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ ടാക്‌സായി (എസ്.ടി.ടി) 5,373 കോടി രൂപ പിരിച്ചു. 2020-21ൽ 4.57 ലക്ഷം കോടി രൂപയാണ് ലഭിച്ച മൊത്തം കോർപ്പറേറ്റ് നികുതി; വ്യക്തിഗത ആദായ നികുതി 4.71 ലക്ഷം കോടി രൂപ. എസ്.ടി.ടി 16,927 കോടി രൂപ.