അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ നീക്കം
കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസിൽ കുരുക്ക് മുറുക്കി സി.ബി.ഐ. കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നിർണായക നീക്കങ്ങളുമായി സി.ബി.ഐ മുന്നോട്ട് പോകുമ്പോൾ പലരും സംശയമുനയിലാണ്. പ്രതികൾക്ക് വിരുന്ന് സത്കാരം നടത്തിയവർ മുതൽ രക്ഷപ്പെടാൻ സഹായിച്ചവർ വരെ സംശയമുനയിലാണ്. അടുത്ത ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഉന്നതരായ കൂടുതൽ പേരെ സി.ബി.ഐ ചോദ്യം ചെയ്യും. ഏതാനും പ്രതികളുടെ അറസ്റ്റ് കൂടി ഉണ്ടായേക്കുമെന്ന സൂചനകളുമുണ്ട്. സി.ബി.ഐ സംഘം കാസർകോട് ക്യാമ്പ് ചെയ്താണ് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്.
അതിനിടെ, അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിക്കാനും സി.ബി.ഐ ആലോചിക്കുന്നുണ്ട്. ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഫോറൻസിക് പരിശോധന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ എറണാകുളത്തെ കോടതിയെയാകും സമീപിക്കുക. കേസിലെ അഞ്ചാം പ്രതി ഗിജിന്റെ പിതാവ് ശാസ്ത ഗംഗാധരന്റെ വീട്ടുപറമ്പിൽ നിന്ന് അഞ്ച് ഇരുമ്പ് പൈപുകളും ഒരു വടിവാളും ഇയാളുടെ സഹോദരൻ ശാസ്ത മധുവിന്റെ വീടിന്റെ പിറക് വശത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്ന് വടിവാൾ, ഏച്ചിലടുക്കത്തെ ബാലകൃഷ്ണൻ നായരുടെ പറമ്പിൽ നിന്ന് വടിവാളുമാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തത്. റെജി വർഗീസിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് അഞ്ചാം പ്രതി ഗിജിൻ ഇരുമ്പ് പൈപ്പുകൾ എടുത്തതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിൽ ആയുധങ്ങളും മുറിവുകളും തമ്മിലുള്ള ന്യൂനത ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കൾ കോടതിയിൽ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതി പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. ആയുധങ്ങൾ ഫോറൻസിക് സർജന് പരിശോധന നടത്താനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇക്കാര്യം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ കണ്ണൂരിലുള്ള പരിയാരം മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ ഡോ. ഗോപാലകൃഷണപിള്ള പ്രത്യേക മൊഴിയായി കോടതിയിൽ പറഞ്ഞിരുന്നു. ദേഹത്തെ മുറിവുകളുമായി ഒത്തുനോക്കാൻ സാധിച്ചിട്ടില്ലെന്ന് ഡോ. ഗോപാലകൃഷ്ണൻ നൽകിയ മൊഴിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ പ്രധാന ന്യൂനതയായി ഹൈക്കോടതി പ്രത്യേകം പരാമർശം നടത്തിയിരുന്നു. ന്യൂനത പരിശോധിക്കാനും ആയുധങ്ങൾ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താനുമാണ് ഫോറൻസിക് സർജന്റെ സാന്നിദ്ധ്യത്തിൽ ഫോറൻസിക് പരിശോധനക്ക് അനുമതി തേടി സി.ബി.ഐ കോടതിയെ സമീപിക്കുന്നത്.