കൊച്ചി: മിനി ചരക്ക് വാഹനത്തിലെ രഹസ്യ അറയിൽ കേരളത്തിലേക്ക് 327.87 കിലോ കഞ്ചാവ് കടത്തിയ രണ്ടു പേരെ നാർക്കോട്ടിസ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കളിയക്കാവിള സ്വദേശി എം. ശ്രീനാഥ്, ഡ്രൈവറും ചെന്നൈ സ്വദേശിയുമായ ദുഭാഷ് ശങ്കർ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച തമിഴ്നാട് ഉതുക്കോട്ടൈയിൽ നടത്തിയ വാഹന പരിശോധനയിലാണ് ദുഭാഷ് ശങ്കർ പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എൻ.സി.ബി കൊച്ചി യൂണിറ്റ് സൂപ്രണ്ട് ആഷിഷ് ഓജയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞായറാഴ്ച തിരുവനന്തപുരത്ത് നിന്ന് ശ്രീനാഥ് പിടിയിലായത്. ഇവർ പതിവായി കഞ്ചാവ് കടത്തിയിരുന്നതായി അന്വേഷണസംഘം പറഞ്ഞു.
ഉതുക്കോട്ടൈയിലെ പരിശോധനയിൽ വാഹനത്തിന്റെ ചരക്ക് വയ്ക്കുന്ന ഭാഗം കാലിയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ രഹസ്യഅറ കണ്ടെത്തി. ഇതിൽ 150 പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ്. ആന്ധ്രയിലെ അന്നാവാരത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം.
തനിക്കായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ശ്രീനാഥ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. നാല് വർഷമായി വിഴിഞ്ഞം കേന്ദ്രീകരിച്ച് കഞ്ചാവ് ഇടപാട് നടത്തുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ എൻ.സി.ബി ചെന്നൈ യൂണിറ്റ് നടത്തുന്ന രണ്ടാമത്തെ വലിയ കഞ്ചാവ് വേട്ടയാണിത്.
'കടത്തുകാർ വിവിധതരം വാഹനങ്ങളിൽ കഞ്ചാവ് വലിയ അളവിൽ കടത്തുന്നതായി എൻ.സി.ബിക്ക് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും".
- അമിത് ഗവാതെ,
സോണൽ ഡയറക്ടർ, എൻ.സി.ബി