ലണ്ടൻ: പെൻഷന് അർഹതയുണ്ടെന്ന് തിരിച്ചറിയാൻ വൈകിയത് മൂലം ബ്രിട്ടനിലെ ക്രോയ്ഡൺ സ്വദേശിനിയായ മാർഗരറ്റ് ബ്രാഡ്ഷ എന്ന വയോധികയ്ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ. ക്രോയ്ഡണിൽ 1921ൽ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ മാർഗരറ്റ് 30 വർഷത്തോളം അവിടെയാണ് ജോലി ചെയ്തത്. ഇപ്പോൾ ബ്രിട്ടനിലാണ് താമസിക്കുന്നതെങ്കിലും കാനഡയിൽ താമസിച്ചതിനാൽ 80 വയസ്സ് പൂർത്തിയാകുന്നതോടെ ലഭിക്കുന്ന പെൻഷന് അർഹതയില്ലെന്നാണ് കരുതിയത്. 100 വയസ്സുകാരിയായ മാർഗരിറ്റിന് 80 വയസ്സ് മുതൽ പെൻഷൻ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 75,000 പൗണ്ട് (77 ലക്ഷം രൂപ) സമ്പാദ്യമായി കൈയ്യിൽ ഉണ്ടാകുമായിരുന്നു.
എന്നാൽ, 80 തികഞ്ഞ അന്നുമുതൽ ഓരോ ആഴ്ചയും 82.45 പൗണ്ട് (8,461 രൂപ) സർക്കാർ പെൻഷനായി അനുവദിക്കും. ഇൻഷുറൻസ് തുക അടച്ചാലും ഇല്ലെങ്കിലും തുക ലഭിക്കും. കാനഡയിൽ ജോലിയെടുത്ത കാലത്ത് മാർഗരറ്റ് ഇൻഷുറസ് അടച്ചിരുന്നില്ലായെങ്കിലും അത് പ്രശ്നമാകില്ലായിരുന്നു. മാർഗരറ്റിന്റെ 78കാരിയായ മകൾ ഹെലൻ കണ്ണിംഗ്ഹാമാണ് വിവരം അമ്മയെ അറിയിച്ചത്.
ഒമ്പത് ചെറുമക്കളുടെ മുത്തശ്ശിയായ മാർഗരറ്റ് അപേക്ഷ നൽകിയതോടെ ഇപ്പോൾ പെൻഷൻ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. മറവിരോഗം അലട്ടുന്ന മാർഗരറ്റ് കാനഡയിലെ ചെറിയ പെൻഷൻ തുകയിലാണ് ജീവിക്കുന്നത്. കുടിശ്ശികയിനത്തിൽ 4,000 പൗണ്ട് സർക്കാർ അനുവദിച്ചിരുന്നു. അവശേഷിച്ച തുക നഷ്ടമാകും.