ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദ്ദിച്ച യാത്രക്കാരനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പള്ളിവിളാകം പുരയിടം വീട്ടിൽ മിഥുൻദാസാണ് (27)​ അറസ്റ്റിലായത്. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മിലനാണ് മർദ്ദനമേറ്റത്. മിലൻ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ രാവിലെ കൊല്ലത്ത് നിന്ന് തിരുവനന്തപുത്തേക്ക് പോകാനെത്തിയ ഫാസ്റ്റ് പാസ‍ഞ്ചർ ബസിലായിരുന്നു സംഭവം. 11ഓടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷന് സമീപം ഗതാഗതക്കുരുക്കിൽപ്പെട്ട് ബസ് കിടക്കുമ്പോൾ യാത്രക്കാരനായ മിഥുൻ ദാസ് ബല്ല് അടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇത് വിലക്കിയതിനാണ് കണ്ടക്ടറെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെതുടർന്ന് ബസ് ആറ്റിങ്ങലിൽ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരെ മറ്റൊരു ബസിൽ തിരുവനന്തപുരത്തേയ്ക്ക് അയച്ചു. പ്രതിയെ റിമാന്റ് ചെയ്തു.