adani

ന്യൂഡൽഹി: അദാനി ​ഗ്രൂപ്പിനു കീഴിലെ ചില കമ്പനികളിൽ അന്വേഷണം നടക്കുന്നതായി വ്യക്തമാക്കി കേന്ദ്ര സർക്കാർ. ജൂലായ് 19ന് പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗദ്ധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനികളിൽ സെബിയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) ഡി.ആർ.ഐയും (ഡയറക്ടറേറ്റ് ഒഫ് റെവന്യൂ ഇന്റലിജൻസ്) അന്വേഷണം നടത്തുന്നതായി അദ്ദേഹം അറിയിച്ചു.

സെബി ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. എന്നാൽ എന്നുമുതലാണ് പരിശോധന ആരംഭിച്ചതെന്ന് വ്യക്തമല്ല. അദാനി ​ഗ്രൂപ്പിന്റെ ചില സ്ഥാപനങ്ങളാണെന്ന് പറഞ്ഞെങ്കിലും ഏതൊക്കെ സ്ഥാപനങ്ങളാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം, തിങ്കളാഴ്ച അദാനി ​ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരികളുടെ മൂല്യം 1.1% നും 4.8% നും ഇടയിൽ കുറഞ്ഞു.

ഇന്ത്യൻ ശതകോടീശ്വരനായ അദാനിയുടെ നിയന്ത്രണത്തിലുളള കമ്പനികളുടെ ഓഹരിയിൽ ജൂൺ 18ന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും ഇടിവാണ് രേഖപ്പെടുത്തിയത്. അദാനിയുടെ കമ്പനികളിലെ മൗറീഷ്യസ് ആസ്ഥാനമായുളള മൂന്ന് വിദേശ നിക്ഷേപകരുടെ അകൗണ്ടുകൾ മരവിപ്പിച്ചതായി എക്കണോമിക് ടെെംസ് റിപ്പോർട്ട് ചെയ്തിനു പിന്നാലെയായിരുന്നു ഈ ഇടിവ്. എക്കണോമിക് ടെെംസ് റിപ്പോർട്ടിന് പിന്നാലെ ആറ് അദാനി കമ്പനികളുടെ ഓഹരി അഞ്ച് ആഴ്ചയിൽ 12.9%നും 44.9%നും ഇടയിൽ താഴേക്ക് പോയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.