ന്യൂഡൽഹി: ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഫോൺ ചോർത്തൽ വിവാദത്തിലൂടെ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ. വികസനത്തിന് തടസമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി കുഴപ്പക്കാർ പുറത്തുവിട്ട റിപ്പോർട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തുവന്ന റിപ്പോർട്ട് പ്രശ്മുണ്ടാക്കാനായി തയ്യാറാക്കിയതാണ് എന്നും അമിത് ഷാ ആരോപിച്ചു.
പെഗാസസ് ഫോൺ ചോർത്തൽ റിപ്പോർട്ടിന് പിന്നാലെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നിരുന്നു.
അതേസമയം, ഫോൺ ചോർത്തലിൽപ്പെട്ട കൂടുതൽ പേരുടെ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്, രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, തൃൺമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ ബന്ധു അഭിഷേക് ബാനർജി, കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേൽ, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പെൺകുട്ടി എന്നിവരുടെ പേരും പുറത്തുവന്ന പുതിയ പട്ടികയിലുണ്ട്. ഇസ്രയേൽ ചാര സോഫ്ട്വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവ മുന്നൂറോളം പേരുടെ ഫോൺ ചോർത്തിയെന്നാണ് റിപ്പോർട്ട്.