കൊച്ചി: ബാങ്കിംഗ്, ധനകാര്യ ഓഹരികളിൽ ദൃശ്യമായ കനത്ത വിറ്റൊഴിയൽ ട്രെൻഡും ആഗോള ഓഹരികളിലെ വീഴ്‌ചയും മൂലം ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്‌ടം നേരിട്ടു. സെൻസെക്‌സ് 586 പോയിന്റിടിഞ്ഞ് 58,666ലും നിഫ്‌റ്റി 171 പോയിന്റ് താഴ്‌ന്ന് 15,752ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ ഒറ്റദിവസം 1.31 ലക്ഷം കോടി രൂപ കൊഴിഞ്ഞു. 234.46 ലക്ഷം കോടി രൂപയിൽ നിന്ന് 233.15 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യത്തകർച്ച.
എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി., ഇൻഡസ് ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, മാരുതി സുസുക്കി, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നഷ്‌ടത്തിന്റെ ആക്കംകൂട്ടിയത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ജൂൺപാദ പ്രവർത്തനഫലമാണ് ബാങ്കിംഗ്, ധനകാര്യ ഓഹരികളെ സമ്മർദ്ദത്തിലാക്കിയത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്‌തിനിരക്കും പ്രൊവിഷൻസും വർദ്ധിച്ചതാണ് പ്രധാന തിരിച്ചടി. ഡോളറിനെതിരെ രൂപയും ഇന്നലെ ദുർബലമായി 74.88ലെത്തി.