ബാലരാമപുരം: നിയമം ലംഘിച്ച് അമിതവേഗതയിൽ പോയ ടിപ്പർ ലോറിയെ എം. വിൻസെന്റ് എം.എൽ.എ വഴിയിൽ തടഞ്ഞ് പൊലീസിന് കൈമാറി. ഇന്നലെ രാവിലെ 9 ഓടെ എം.എൽ.എയുടെ വസതിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കട്ടച്ചൽക്കുഴിയിലാണ് സംഭവം. വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ട് സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചാണ് ബാലരാമപുരം – വിഴിഞ്ഞം റോഡ് വഴി ടിപ്പറുകളുടെ മരണയാത്ര. ടിപ്പറുകളുടെ അപകടയാത്ര സംബന്ധിച്ച് നിരവധി തവണ നാട്ടുകാർ എം.എൽ.എയെ പരാതി അറിയിച്ചിരുന്നു. രാവിലെ 6 മുതൽ 9 വരെയുള്ള സമയത്ത് ശരവേഗത്തിൽ പോകുന്ന ടിപ്പറുടെ മരണയാത്ര നാട്ടുകാർക്കും വെല്ലുവിളിയായി മാറിയിരുന്നു. തടഞ്ഞ ടിപ്പർ ബ്രേക്ക് ലൈറ്റുകളോ ഇൻഡിക്കേറ്ററോ യാതൊരു സുരക്ഷാമാനദണ്ഡവുമില്ലാതെ കരിങ്കല്ലിന്റെ ഭാരക്കൂടുതൽ കാരണം ഒരു വശം ചരിഞ്ഞ് അപകടനിലയിലായിരുന്നു യാത്ര. വിവരമറിയിച്ചതിനെ തുടർന്ന് ബാലരാമപുരം പൊലീസും സ്ഥലത്തെത്തി. തുറമുഖവികസനവകുപ്പ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചാൽ കൂടുതൽ കർശന നടപടിയിലേക്ക് നീങ്ങുമെന്നും ബാലരാമപുരം സി.ഐ അറിയിച്ചു.