കരുനാഗപ്പള്ളി: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു. ആലപ്പാട് പണ്ടാര തുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശേരിൽ വീട്ടിൽ മണികണ്ഠനാണ് (46) ഭാര്യ ബിൻസിയെ (36) കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മണികണ്ഠൻ ഭീമമായ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ബിൻസിയുമായി രാവിലെ മുതൽ വഴക്കിട്ടിരുന്നു. വൈകിട്ട് ബിൻസിയുടെ മാതാപിതാക്കളെത്തി ഒത്തുതീർപ്പ് ചർച്ച നടത്തി. ഇവർ മടങ്ങിയതോടെ വീണ്ടും ആരംഭിച്ച വഴക്കിനിടയിൽ അടുക്കളയിൽ നിന്ന് പിച്ചാത്തിയെടുത്ത് മണികണ്ഠൻ ബിൻസിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്ഷപ്പെട്ട മണികണ്ഠനെ തൊട്ടടുത്തുള്ള പണിക്കർ കടവിൽ നിന്ന് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ ഐ.ആർ.ഇയിലെ സിവിൽ ഫോറം തൊഴിലാളിയാണ് പ്രതി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ബിൻസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: മേഘനാഥൻ, മഹാദേവൻ.