mob

ഭോപ്പാൽ: കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണെന്ന് സംശയിച്ച് രണ്ട് പേരെ നാട്ടുകാർ തല്ലിച്ചതച്ചു. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ധാർ ജില്ലയിലെ ധന്നാഡ് ഗ്രാമത്തിലാണ് സംഭവം. 'യാത്രക്കാർ ഇൻഡോറിലേക്ക് പോയതായിരുന്നു. വഴി ചോദിക്കാൻ വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെയടുത്ത് വണ്ടി നിർത്തി. തങ്ങളെ തട്ടിക്കൊണ്ടുപോകാൻ വന്നവരാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികൾ നിലവിളിച്ച് ഓടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ വണ്ടിയിലുള്ളവരെ മർദിക്കുകയായിരുന്നു.'- പൊലീസ് അറിയിച്ചു.

യാത്രക്കാരെ മർദിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മർദനമേറ്റവരിൽ ഒരാൾ മദ്ധ്യപ്രദേശ് സ്വദേശിയും, മറ്റേയാൾ രാജസ്ഥാൻ സ്വദേശിയുമാണ്. 2020 ഫെബ്രുവരിയിലും ജില്ലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഏഴ്‌പേരെയാണ് നാട്ടുകാർ തല്ലിച്ചതച്ചത്. അവരിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.