chelimo

ടോക്കിയോ: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കളിക്കാർ തമ്മിലുള്ള ലൈംഗിക ബന്ധം തടയുന്നതിന് ടോക്കിയോ ഒളിമ്പിക്സ് സംഘാടകർ ഗെയിംസ് വിലേജിൽ കാർഡ്ബോർഡ് കൊണ്ടുള്ള പെട്ടികൾ നിർമിക്കുന്നത് വലിയ വാർത്തയായിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അടുത്തിടപഴകുന്നതിൽ നിന്ന് താരങ്ങളെ വിലക്കുന്നത് ഉദ്ദേശിച്ച് നിർമിച്ചിട്ടുള്ള ഇത്തരം കട്ടിലുകൾ ഒരാളിൽ കൂടുതൽ ഭാരം താങ്ങാൻ സാധിക്കുന്നവയല്ല.

എന്നാൽ മാരത്തോൺ പോലുള്ള ദീർഘദൂര മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ഇത് ഒരു പ്രശ്നമല്ലെന്നും വേണമെങ്കിൽ ഒരു കട്ടിലിൽ നാലു ദീർഘദൂര ഓട്ടക്കാർ വരെ ഒരേസമയം കിടക്കുമെന്നും അമേരിക്കയുടെ 5000 മീറ്റർ വെള്ളി മെഡൽ ജേതാവ് പോൾ ചെലിമോ പറഞ്ഞു. ട്വിറ്ററിൽ ഒരു നീണ്ട ത്രെഡ് വഴിയാണ് ചെലിമോ ടോക്കിയോ സംഘാടകരെ കളിയാക്കികൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

സാധാരണ അത്ലറ്റുകളെക്കാളും ഭാരം കുറവായിരിക്കും 5000 മീറ്റർ, 10000 മീറ്റർ, മാരത്തോൺ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക്. ഭാരം എത്ര കുറയുന്നുവോ അതിനനുസരിച്ച് അവർക്ക് ട്രാക്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴിചവയ്ക്കുവാൻ സാധിക്കും. ഇത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ചെലീമോയുടെ ട്വീറ്റ്. മാത്രമല്ല ഏതെങ്കിലും കാരണവശാൽ തന്റെ കട്ടിൽ പൊളിഞ്ഞുപോയാൽ നിലത്തു കിടന്ന് ഉറങ്ങാനും താൻ ഇപ്പോൾ പരിശീലിക്കുന്നുണ്ടെന്നും ചെലീമോ ട്വിറ്ററിൽ പറയുന്നു.

പെട്ടെന്നുള്ള ചലനങ്ങളിലൂടെ തകരാറിലാകുന്ന തരത്തിലാണ് കിടക്കകൾ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകും. ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ സമയമെടുക്കും. അതിനാൽ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാദ്ധ്യമാകില്ലെന്നും സംഘാടകർ പറയുന്നു.