തൃശൂര്‍: സി പി എം നിയന്ത്രണത്തിലുള്ള തൃശൂര്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. ഒരു സ്വകാര്യ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്. ബാങ്കിന്‍റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടിരൂപയിലധികം കുറവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ബാങ്കിലെ കുറി നടത്തിപ്പില്‍ മാത്രം അമ്പത് കോടി രൂപയുടെ തിരിമറി നടന്നെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. സി പി എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ നൂറു കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കഴിഞ്ഞദിവസമാണ് വാർത്തകൾ പുറത്തുവന്നത്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പാ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കായിരുന്നു.
അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സി പി എമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ബാങ്ക് തട്ടിപ്പിനെ കുറിച്ച് സി പി എം നേരത്തെ അറിയുകയും പാർട്ടി തലത്തിൽ അന്വേഷണം നടത്തുകയും ചെയ്‌തിരുന്നുവെന്നുമാണ് വിവരം. കരുവന്നൂർ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണം എന്ന് സി പി എം രണ്ടംഗ കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നതാണ്. രണ്ട് മാസം മുമ്പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. പരാതികൾ വ്യാപകമായതോടെയാണ് പാർട്ടി അന്വേഷണം നടത്തിയത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി കെ ഷാജൻ, മുൻ എം പി പി കെ ബിജു എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.